ചാരുപറമ്പില്‍ രവിയുടെ ആഭിചാര ക്രിയകളെക്കുറിച്ച് അന്വേഷണം നടത്തണം; കായണ്ണയില്‍ ആള്‍ദൈവത്തിനെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്


കായണ്ണ ബസാര്‍: കായണ്ണയില്‍ ആള്‍ദൈവത്തിനെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്. ചാരുപറമ്പില്‍ രവി എന്ന ആള്‍ദൈവത്തിനെതിരെയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

ഇയാളുടെ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കേന്ദ്രത്തില്‍ നടക്കുന്ന ആഭിചാര ക്രിയകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം കായണ്ണ ചന്ദനയല്‍ ചാരുപറമ്പില്‍ രവിയുടെ ക്ഷേത്രത്തില്‍ പോയവരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ഇവിടെ എത്തിയ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ഇലന്തൂരില്‍ നടന്ന നരബലിയുടെ പശ്ചാത്തലത്തിലായിരുന്നു ജനങ്ങള്‍ ഇയാള്‍ക്കെതിരെ സംഘടിച്ചത്.

ഇയാളെ ബാലാവകാശ നിയമപ്രകാരം നേരത്തെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശ്വാസത്തിന്റെ മറവില്‍ ഇയാള്‍ പല ആളുകളെയും ചൂഷണം ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ഇവിടെയ്ക്ക് വരുന്ന ആളുകളെ പിന്തിരിപ്പിച്ച് അയക്കുകയും ചെയ്യുന്നുണ്ട്.