നെല്ല്യാടിയിലെ ലഹരി മാഫിയ അക്രമവുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ വസ്തുതാവിരുദ്ധ പ്രചരണം; ഡി.വൈ.എഫ്.ഐ കൊടക്കാട്ടുമുറി യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കി


കൊല്ലം: നെല്ല്യാടിയില്‍ ലഹരി മാഫിയ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ വസ്തുതാവിരുദ്ധ പ്രചരണം നടത്തിയ ഡി.വൈ.എഫ്.ഐ കൊടക്കാട്ടുമുറി യൂണിറ്റ് സെക്രട്ടറിയെ പി.പി.അഭിലാഷിനെ പുറത്താക്കി. ഡി.വൈ.എഫ്.ഐയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരായി ശക്തമായി പ്രതിരോധം സൃഷ്ടിച്ച് മുന്നോട്ടുപോകുമെന്നും ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.


Also Read: ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതിരെ പ്രതിഷേധം; കൊല്ലം നെല്ല്യാടിയില്‍ ഡി.വൈ.എഫ്.ഐയുടെ ജനകീയ പ്രതിരോധ സദസ്സ്


 

നെല്യാടി പ്രദേശത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ലഹരി മാഫിയ സംഘങ്ങള്‍ തമ്പടിക്കുന്ന രീതി നിലനിന്നിരുന്നു. ഇതിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായി ലഹരി മാഫിയ സംഘം ഒക്ടോബര്‍ 18ന് പ്രദേശത്ത് ആയുധങ്ങളുമായി സംഘടിക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ ബഹുജനങ്ങളെ അണിനിരത്തിയാണ് പ്രതിഷേധിച്ചത്. ഇത്തരം സംഘങ്ങളോട് ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടാണ് സംഘടന സ്വീകരിച്ചു വരുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.


Also Read:  കൊല്ലം നെല്യാടിയില്‍ കഞ്ചാവ് സംഘത്തിന്റെ അക്രമണം; നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്, രണ്ട് പേര്‍ കസ്റ്റഡിയില്‍


 

ചിലരുടെ വ്യക്തി താല്പര്യത്തിന്റെ ഭാഗമായി വസ്തുത വിരുദ്ധവും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചരണങ്ങളാണ് ചില കോണുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഡി.വൈ.എഫ്.ഐ കൊടക്കാട്ടുമുറി യൂണിറ്റ് സെക്രട്ടറിയാണെന്നും ഈ സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നും ഡി.വൈ.എഫ്.ഐ വിശദീകരിച്ചു.

Summary: DYFI Kodakkattumuri unit secretary sacked