കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകി; ലക്ഷങ്ങളെ അണിനിരത്തി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല
കോഴിക്കോട്: ”ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കണ്ണികളായത് ലക്ഷക്കണക്കിനാളുകള്‍. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവന്‍ വരെ 651കിലോമീറ്റർ നീണ്ട മനുഷ്യച്ചങ്ങലയില്‍ ചെറുപ്പക്കാരും തൊഴിലാളികളും കര്‍ഷകരും അധ്യാപകരും വിദ്യാര്‍ഥികളും എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ കണ്ണികളായി.
വൈകുന്നേരം നാലരയോടെ ട്രയല്‍ ചങ്ങല തീര്‍ത്തശേഷം അഞ്ച് മണിയോടെയാണ് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞയെടുത്തത്. നാലുമണിയോടെ തന്നെ പലയിടങ്ങളിലും ചങ്ങലയില്‍ കണ്ണികളാകാന്‍ എത്തിയവരുടെ തിരക്കായിരുന്നു. മനുഷ്യച്ചങ്ങലയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം കാര്‍ഗോഡ് ആദ്യ കണ്ണിയായി. ഡി.വൈ.എഫ്.ഐയുടെ ആദ്യ പ്രസിഡന്റ് ഇ.പി.ജയരാജന്‍ രാജ്ഭവന് മുന്നില്‍ അവസാന കണ്ണിയായി.