”എട്ടുമണിക്ക് എത്തേണ്ട ഡോക്ടര്‍മാര്‍ എത്തുന്നത് എട്ടരയ്ക്കും ഒമ്പതുമണിയ്ക്കും, രോഗികള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ‘മുങ്ങുന്ന’ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം” കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സൂപ്രണ്ടിനെ പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രവര്‍ത്തനത്തിലെ താളപ്പിഴകള്‍ക്കെതിരെ സൂപ്രണ്ടിനെതിരെ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ദിവസം 1500ലേറെ രോഗികള്‍ക്ക് ആശ്രയമായ കൊയിലാണ്ടി താലൂക്ക് ആശുപത്രി നിലവില്‍ രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുംവിധമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെയാണ് ഡി.വൈ.എഫ്.ഐ പ്രതിഷധവുമായി രംഗത്തുവന്നത്.

രാവിലെ എട്ടുമണിക്ക് തുടങ്ങേണ്ട ഒ.പികള്‍ പലതും എട്ടരയ്ക്കും ഒമ്പതുമണിയ്ക്കുമൊക്കെയാണ് ആരംഭിക്കുന്നത്. ഡോക്ടര്‍മാര്‍ വൈകിയെത്തുന്നതാണ് ഇതിന് കാരണം. സ്‌പെഷ്യാലിറ്റി ഒ.പികളില്‍ നിശ്ചിത ടോക്കണ്‍ മാത്രമേ നല്‍കുന്നുള്ളൂ, ഇത് രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പരിശോധനകള്‍ക്കിടയില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ എഴുന്നേറ്റ് പോകുകയും പിന്നീട് ഒന്നും രണ്ടും മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തി ഡ്യൂട്ടി കഴിയുന്ന സമയത്ത് ഇറങ്ങിപ്പോകുകയൊക്കെ ചെയ്യുന്ന സ്ഥിതിയുണ്ടെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

ലാബില്‍ കൊണ്ടുവന്ന പരിഷ്‌കാരം രോഗികളെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതാണ്. പലയിടത്തായി മണിക്കൂറുകള്‍ ക്യൂനില്‍ക്കേണ്ട അവസ്ഥ ഇതുണ്ടാക്കുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ലീവെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരുണ്ടെന്നും ഉദ്യോഗസ്ഥരുടെ വ്യക്തി താല്‍പര്യത്തിനായി പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തിന് സൂപ്രണ്ടും കൂട്ടുനില്‍ക്കുകയാണെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

നിസാര രോഗങ്ങള്‍ക്ക് ചികിത്സയ്ക്ക് വരുന്നവരെപ്പോലും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന സമീപനമാണിത്. വൈകുന്നേരത്തെ ഒ.പിയിലെത്തുന്ന രോഗികളെ പരിശോധിക്കുക പോലും ചെയ്യാതെ മുഖംനോക്കി മരുന്ന് എഴുതിക്കൊടുക്കുന്നു. ചിലര്‍ക്ക് രാത്രി രോഗം ഗുരുതരമായി മറ്റ് ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയും വരാറുണ്ടെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. ഈ രീതിയ്ക്ക് മാറ്റമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സൂപ്രണ്ടിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പ്രതിഷേധത്തിന് ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്, പ്രസിഡൻ്റ് കെ കെ സതീഷ്ബാബു, ട്രഷറർ പി.വി അനുഷ, ദിനൂപ് സി.കെ, ടി.കെ പ്രദീപ്, കീർത്തന,നവതേജ് മോഹൻ എന്നിവർ നേതൃത്വം നല്കി.