വയനാടിനെ നെഞ്ചോട് ചേര്‍ത്ത് മുന്നോട്ട്; കൊല്ലത്ത് ‘അതിജീവനത്തിന്റെ ചായക്കട’യുമായി ഡി.വൈ.എഫ്.ഐയുടെ പെണ്‍കൂട്ടം
കൊയിലാണ്ടി: ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായ വയനാട്ടിലെ ജനങ്ങള്‍ക്കായി ഡി.വൈ.എഫ്.ഐ നിർമിച്ചു നൽകുന്ന വീടുകളുടെ നിര്‍മ്മാണത്തിനായി ‘അതിജീവനത്തിന്റെ ചായക്കട’ തുറന്ന് കൊയിലാണ്ടിയിലെ പെണ്‍കൂട്ടം. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി മേഖല യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊല്ലം ടൗണില്‍ ചായക്കട തുടങ്ങിയത്.
വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ചായക്കടയിലേക്ക് പ്രായഭേദമന്യേ ആളുകള്‍ വരുന്നുണ്ട്. വിലവിവര പട്ടികയില്ലാതെ ഇഷ്ടമുള്ള തുക നല്‍കാമെന്നാണ് ചായക്കടയുടെ പ്രത്യേകത. ഒരു ചായയ്ക്കും പലഹാരത്തിനും ഇഷ്ടമുള്ള അത്രയും കൊടുക്കാം.
ഗ്രീന്‍പീസ് മസാല, ബോണ്ട, സമൂസ എന്നിവയാണ് പ്രധാന ഐറ്റങ്ങള്‍. യുവതി സബ് കമ്മിറ്റ് കണ്‍വീനര്‍ പി.വി അനുഷ, ബ്ലോക്ക് കമ്മിറ്റി അംഗം കീര്‍ത്തന, പാര്‍ട്ടി പ്രവര്‍ത്തകരായ ഷിജിത, ആഗ്നസ് എന്നിവരുടെ നേതൃത്വത്തിലാണ് കച്ചവടം.