”മരണം വരെ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച വ്യക്തിത്വം” പുളിയഞ്ചേരിയില്‍ പുഷ്പനെ അനുസ്മരിച്ച് ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: കൂത്തുപറമ്പ് സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി കഴിഞ്ഞ 29 കൊല്ലവും പത്തുമാസവും കിടപ്പില്‍ കഴിയുമ്പോഴും പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന വ്യക്തിത്വമാണ് പുഷ്പനെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് പറഞ്ഞു. പുളിയഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പുഷ്പന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂത്തുപറമ്പ് സമരവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ വി.രമേശന്‍ മാസ്റ്റര്‍ അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് സംസാരിച്ചു. ക്രൂരമായ പീഡനമാണ് അന്ന് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസില്‍ നിന്നും നേരിടേണ്ടിവന്നത്.

കൂത്തുപറമ്പ് വെടിവെപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നവരായിരുന്നു കൊയിലാണ്ടിയിലെ യുവതയെന്ന് എന്‍.നിതേഷും ഓര്‍ത്തെടുത്തു. നിതേഷും രമേശന്‍ മാസ്റ്ററും അക്കാലത്ത് ഡി.വൈ.എഫ്.ഐയുടെ വിയ്യൂര്‍ വില്ലേജ് ഭാരവാഹികളായിരുന്നു. മേഖലാ സെക്രട്ടറി ജിജു സ്വാഗതം പ്രസിഡന്റ് രതീഷ് അധ്യക്ഷനായിരുന്നു.

Summary: DYFI commemorates Pushpan in Puliancherry