‘എല്ലാവരും കൃഷിക്കാരാവുക, എല്ലായിടവും കൃഷിസ്ഥലമാക്കുക’; ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലയിലെ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി


അരിക്കുളം: ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലയിലെ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി നടത്തുന്നു. പറമ്പത്ത് പൂവറേമ്മലാണ് കൃഷി ചെയ്യുന്നത്. വിത്തിടൽ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലാ സെക്രട്ടറി നിതിൻലാലും പ്രസിഡന്റ് ഫിറോസും ചേർന്ന് നിർവഹിച്ചു.

കൃഷി നമ്മുടെ സംസ്കാരത്തിന് അപ്പുറം ജീവിതോപാധിയാണെന്ന തിരിച്ചറിവാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി വിരൽ ചൂണ്ടുന്നത്. സർക്കാറിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമാണ് ഇത്. എല്ലാവരും കൃഷിക്കാരാവുക എല്ലായിടവും കൃഷിസ്ഥലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഏകദേശം ഒമ്പത് മാസം മുമ്പ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നതാണ്. സമൂഹത്തെ കൃഷിമുറ്റത്തേക്ക് ഇറക്കാനും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനുമായുള്ള കൃഷിവകുപ്പിന്റെ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’.

വെള്ളരി, പടവലം, കായപ്പ, ചീര, വെണ്ട, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഏപ്രിൽ മാസം ആദ്യവാരത്തോടെ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.