പേരാമ്പ്ര പാലേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; പ്രദേശത്ത് ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സ്ഫോടനം


പാലേരി: പാലേരിയില്‍ വീടിന് നേരെ ബോംബേറ്. പാലേരി കോങ്ങോടുമ്മല്‍ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീടിന്റെ ജനലിന്റെ കമ്പി വളഞ്ഞ നിലയിലായി. ഈ സമയം വിപിന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

പേരാമ്പ്ര എ.എസ്.പി വിഷ്ണു പ്രദീപ് ഐ.പി.എസ്, പൊലീസ് ഇന്‍സ്പക്ടര്‍ എം.സജീവ് കുമാര്‍, സബ്ബ് ഇന്‍സ്പക്ടര്‍ എ.ഹബീബുള്ള എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വടക്കുമ്പാട് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് സംഘം ആക്രമിക്കുകയുണ്ടായി. സംഭവത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. വിപിന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്.

അതേസമയം സംഘര്‍ഷം നടന്ന സംഭവത്തില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞതായും ഒരാളെ അറസ്റ്റ് ചെയ്തതായും പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ പറഞ്ഞു. കൂടാതെ ഇന്നലെ രാത്രി കന്നാട്ടി കടുക്കാം കുഴിയില്‍ ശിവപ്രസാദിന്റെ വീട് ആക്രമിച്ചതായി പേരാമ്പ്ര പൊലീസില്‍ പരാതി ലഭിച്ചതായും അറിയിച്ചു. തുടര്‍ന്നാണ് ഈ സംഭവം നടന്നതെന്നും പറഞ്ഞു.

സംഭവസ്ഥലത്ത് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എന്‍. പി. ബാബുവും സംഘവും സന്ദര്‍ശിച്ചു.

summary: DYFI activists house bombed in perambra paleri