വിദേശത്തുനിന്ന് മയക്കുമരുന്ന് പാഴ്സലായി അയച്ചു; മൂടാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: അതിമാരക മയക്കുമരുമായ എൽഎസ്ഡി സ്റ്റാമ്പ് പാർസൽ വഴി വന്ന കേസിൽ മൂടാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. വിമംഗലം പൊന്നാട്ടിൽ വിഷാദ് മജീദാണ് അറസ്റ്റിലായത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വില്പനയ്ക്കായി എൽ.എസ്.ഡി സ്റ്റാമ്പ് കൈകാര്യം ചെയ്ത കുറ്റത്തിനാണ് എറണാകുളം എക്‌സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ മജു ടി.എമ്മിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എറണാകുളം സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് വിഷാദ്.
അവധിക്ക് നാട്ടിൽ വന്നപ്പോൾ രണ്ടാം പ്രതി ഫസ്‌ലുവിന്റെ കൈയിൽ നിന്നും വിഷാദ് 26 എൽ.എസ്.ഡി. സ്റ്റാമ്പ് പണം കൊടുത്തു വാങ്ങി ഖത്തറിൽ പോയിരുന്നു. സ്റ്റാമ്പ് ഗുണനിലവാരം ഇല്ലെന്ന് പറഞ്ഞതിനാൽ നൽകിയ വിലാസത്തിലേക്ക് തിരിച്ചയക്കുകയായിരുന്നു. 10 മുതൽ 20 വർഷം വരെ കഠിനതടവും 2 ലക്ഷം രൂപ വരെയും ശിക്ഷ ലഭിക്കാവുന്ന കേസ് ആണിത്.
പ്രിവന്റീവ് ഓഫീസർ എം.എ. കെ. ഫൈസൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജോ പി. ജോർജ്, ശ്രീജിത്ത് എം.എസ്, എക്‌സൈസ് ഡ്രൈവർ ഷിജു ജോർജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Summary: drugs sent as parcels from abroad A young man from Moodadi was arrested