വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഡ്രോണ്‍ മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് മുകളിലൂടെ പറന്നുയര്‍ന്നു; ക്യാമ്പസ് വിവരങ്ങള്‍ ഇനി ഈ ഡ്രോണ്‍ നിരീക്ഷിക്കും
മേപ്പയൂര്‍: വിശാലമായ സ്കൂള്‍ ക്യാംപസിന് മുകളിലൂടെ തങ്ങള്‍ നിര്‍മിച്ച ഡ്രോണ്‍ പറന്നുയരുകയും ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദത്തില്‍. മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഇന്നലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഡ്രോണ്‍ പറന്നുയര്‍ന്നതും
ക്യാംപസ് വിവരങ്ങള്‍ പകര്‍ത്തിയതും. ഇനി മുതല്‍ വിശേഷ ദിവസങ്ങളിലെല്ലാം ക്യാംപസ് വിവരങ്ങള്‍ ഈ ഡ്രോണ്‍ നിരീക്ഷിക്കും.
സ്കൂളിലെ അടല്‍ ടിങ്കറിംങ് ലാബ് വിദ്യാര്‍ഥികളാണ് രണ്ട് ദിവസത്തെ പരിശീലനത്തിലൂടെ ആധുനിക രീതിയിലുള്ള ഡ്രോണ്‍ നിര്‍മിച്ചത്. എ.ടി.എല്‍ സാങ്കേതിക വിദഗ്ധന്‍ ടി.മുസമ്മില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി. എടിഎല്‍ ലാബ് മെന്റര്‍ ടി.കെ.തേജ നേതൃത്വം നല്കി. നാലായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയം ഭൗതിക സാഹചര്യങ്ങളിലും റിസല്‍റ്റിന്റെ കാര്യത്തിലും മികവാര്‍ന്നതായി മാറിയിരുന്നു. സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടുന്ന സ്പോര്‍ട്സ് സമുച്ചയവും മൈതനാവുമെല്ലാം സ്കൂളിന്റെ മികവിന്റെ അടയാളപ്പെടുത്തലുകളാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്കൂളിന് സ്വന്തമായുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന എജ്യൂമിഷന് ഇന്നൊവേഷന് ലാബ് (എമില്‍) സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഇത്തരത്തിലുള്ള മൂന്നു ലാബുക ളിലൊന്നാണിത്. സാങ്കേതികസഹായം നല്‍കിക്കൊണ്ട് എന്‍ഐടി. കോഴിക്കോട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഡയറ്റ് കോഴിക്കോട് എന്നിവരുടെ മാര്‍ഗ നിര്‍ദ്ദേശത്തോടെ റോബോട്ടുകളും സ്കൂളില്‍ പിറവി എടുത്തിട്ടുണ്ട്.
Summary: Drone made by students flies over Mappayyur Higher Secondary School