റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഇടിച്ച് വീഴ്ത്തി മാര്‍ക്കറ്റ് റോഡിലൂടെ നടുവത്തൂര്‍ സ്വദേശിയുടെ കാര്‍ ഡ്രൈവിങ്; പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍


കൊയിലാണ്ടി: അശ്രദ്ധമായി കാര്‍ ഓടിച്ച് കൊയിലാണ്ടി മേഖലയില്‍ നിരവധി വാഹനങ്ങള്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ തടഞ്ഞ് പിടികൂടി ഡ്രൈവറെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് കൊയിലാണ്ടി മാര്‍ക്കറ്റ് റോഡില്‍ ഇയാള്‍ ഭീതി സൃഷ്ടിച്ചത്.

കരിപ്പൂരില്‍ നിന്നും വരികയായിരുന്ന നടുവത്തൂര്‍ സ്വദേശിയുടെ കാറാണ് അപകടമുണ്ടാക്കിയത്. കൊയിലാണ്ടി മാര്‍ക്കറ്റ് റോഡിലൂടെ വാഹനം കയറ്റിയ ഇവര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോയിലും നിരവധി ഇരുചക്രവാഹനങ്ങളും ഇടിച്ച് വീഴ്ത്തുകയായിരുന്നു.

ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കാറിനെ പിന്തുടരകയും ബപ്പന്‍കാട് ജങ്ഷനില്‍വെച്ച് പിടികൂടുകയുമായിരുന്നു. പൊലീസും മോട്ടോര്‍വാഹന ഡിപ്പാര്‍ട്ട്‌മെന്റും സ്ഥലത്തെത്തി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.