ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; കൊയിലാണ്ടിയില്‍ അടുത്തദിവസം മുതല്‍ എന്ത് മാറ്റം വരും? വിശദമായി അറിയാം


കൊയിലാണ്ടി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ഗതാഗതവകുപ്പ് തീരുമാനമെടുത്തിരിക്കുകയാണ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ളപ്പോഴും പരിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞദിവസം തീരുമാനത്തില്‍ മാറ്റംവരുത്തിയിരിക്കുകയാണ്. ടെസ്റ്റിന്റെ ആദ്യഭാഗമായ എച്ച് എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ നടത്താമെന്നും കയറ്റത്തുനിര്‍ത്തി പുറകോട്ട് എടുക്കുന്നതും പാര്‍ക്കിങും റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം. എന്തായാലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ലൈസന്‍സ് അപേക്ഷകര്‍ക്കിടയിലും പരിശീലകര്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലുമെല്ലാം ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

മന്ത്രി മുന്നോട്ടുവെച്ച പരിഷ്‌കാരങ്ങള്‍ നല്ലതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിനെ തുഗ്ലക്ക് പരിഷ്‌കാരമെന്ന് വിളിക്കാനേ കഴിയൂവെന്നാണ് മേപ്പയ്യൂരിലെ ഡ്രൈവിങ് പരിശീലകനായ നാരായണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. നിലവില്‍ ഇരുപത് പുതിയ അപേക്ഷകളും പത്ത് ഫെയില്‍ഡ് കേസുമാണ് ഓരോ ദിവസവും പരിഗണിക്കുകയെന്നാണ് അറിയുന്നത്. പ്രായോഗിക തലത്തില്‍ ഇത് ലൈസന്‍സ് ലഭിക്കല്‍ നീണ്ട നടപടിക്രമമാക്കി മാറ്റുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴത്തെ സ്ഥിതിയില്‍ തന്നെ ലൈസന്‍സില്ലാതെ വാഹനം നിരത്തിലോടിക്കുന്നവര്‍ ഏറെയാണ്. അപേക്ഷിച്ച് അഞ്ചോ ആറോ ദിവസത്തില്‍ ലഭിച്ചിരുന്ന ലേണിങ് ലൈസന്‍സ് ലഭിക്കാന്‍ തന്നെ ഇപ്പോള്‍ ഒന്നരമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഓരോ മാസവും പതിനെട്ട് വയസ് പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാന്‍ നിയമപ്രകാരം യോഗ്യരാകുന്നവരും ഏറെയാണ്. ഇങ്ങനെ വരുമ്പോള്‍ ലൈസന്‍സ് കിട്ടാന്‍ ഏറെ കാത്തിരിക്കേണ്ട സ്ഥിതിയാണ് പുതിയ പരിഷ്‌കാരം കാരണം ഉണ്ടാവുക. അപ്പോള്‍ ലൈസന്‍സ് ഇല്ലാതെ വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ കൂടാന്‍ സാധ്യതയുണ്ടെന്നും നാരായണന്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ റോഡ് സുരക്ഷയ്ക്ക് അനിവാര്യമാണ്. എന്നാല്‍ അത് നടപ്പിലാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രയാസങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയും ഡ്രൈവിങ് ടെസ്റ്റ് സമയം വര്‍ധിപ്പിച്ചും ഗ്രൗണ്ട് സൗകര്യം ഒരുക്കിയും മാത്രമേ ഈ പരിഷ്‌കാരങ്ങളുമായി പ്രയാസങ്ങളില്ലാതെ മുന്നോട്ടുപോകാനാവൂ. കൂടാതെ ചെറുപ്പം മുതല്‍ തന്നെ റോഡ് നിയമങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ഡ്രൈവിങ് പരിഷ്‌കരണത്തില്‍ മന്ത്രി ഇളവ് നല്‍കിയ സാഹചര്യത്തില്‍ അടുത്ത ദിവസം മുതല്‍ മാറ്റം വരിക നടത്തുന്ന ടെസ്റ്റുകളുടെ എണ്ണത്തില്‍ മാത്രമായിരിക്കുമെന്ന് കൊയിലാണ്ടി ജോയിന്റ് ആര്‍.ടി.ഒ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. നേരത്തെ അറുപത് എണ്ണം നടത്തിയിരുന്നത് ദിവസം മുപ്പത് എന്ന രീതിയിലാകും. ആ രീതിയിലാകും ഇതുവരെ അപേക്ഷിച്ചവര്‍ക്ക് സ്ലോട്ട് അനുവദിക്കുകയെന്നും ആര്‍.ടി.ഒ വ്യക്തമാക്കി.