പുറക്കാട്ടേരിയില്‍ ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ച സംഭവം; അപകടം നടന്ന് ഒരാഴ്ചയ്ക്കുശേഷം ബസ് ഡ്രൈവറായ നടുവണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
നടുവണ്ണൂര്‍: പുറക്കാട്ടേരി പാലത്തിന് സമീപം ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ച് ഒരാഴ്ചക്കുശേഷം ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗത്തില്‍ വന്ന് കാറിനെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്കിലിടിച്ച് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ നടുവണ്ണൂര്‍ എടയാടിയില്‍ മനോജ് കുമാറിനെയാണ് (42) എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസിന്റെ ഡ്രൈവറാണ്.
ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അപകടത്തില്‍ ബാലുശ്ശേരി താളിക്കണ്ടി അശ്വന്ത് (22) ആണ് മരണപ്പെട്ടത്. പിറകിലിരുന്ന കൊടക്കാട് സ്വദേശി ജിബിന് (22) പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഒരാഴ്ച പിന്നിട്ട ശേഷമാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ബസ് ഉടമയുമായുള്ള ഒത്തുകളി മൂലമാണ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാന്‍ പോലും പൊലീസ് തയാറാകാത്തതെന്നാരോപിച്ച് മരിച്ച അശ്വന്തിന്റെ പിതാവ് കോഴിക്കോട് പൊലീസ് കമീഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.
ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു എലത്തൂര്‍ പൊലീസ് മരിച്ച അശ്വന്തിന്റെ കുടുംബത്തെ ഇന്നലെ രാവിലെ വരെ അറിയിച്ചത്. ഐ.പി.സി 304 – എ പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.