ഇനി ശുദ്ധജലത്തിനായി അലയേണ്ട, നൂറോളം കുടുംബങ്ങൾക്ക് വീണ്ടും കുടിവെള്ളം കിട്ടിത്തുടങ്ങും; മൂടാടി വലിയമലയിൽ കുടിവെള്ള വിതരണം പുനരാരംഭിക്കുന്നു


മൂടാടി: വലിയ മലക്കാർ ഇനി ഏറെ അലയേണ്ട, ശുദ്ധ ജലം ഇനി മുതൽ കിട്ടി തുടങ്ങും. ഇരുമ്പ് പൈപ്പുകൾ ദ്രവിച്ചതോടെ നൂറോളം കുടുംബങ്ങളുടെ വെള്ളം കൂടിയാണ് മുട്ടിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പണം അനുവദിച്ചതോടെ പണി പൂർത്തിയാക്കി വിതരണം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ജനകീയാസൂത്രണ പദ്ധതിയുടെ ആരംഭ കാലത്താണ് മൂടാടി ഗ്രാമപഞ്ചായത്തി ഏറ്റവും ഉയർന്ന പ്രദേശമായ വലിയ മലയിൽ ഒരു കുടിവെള്ള പദ്ധതി സ്ഥാപിക്കപ്പെട്ടത്. ഈ പദ്ധതിയിലൂടെയാണ് ശുദ്ധജലത്തിനായ് പ്രയാസപ്പെടുന്ന കുടുംബങ്ങൾക് കുടിവെള്ളം ലഭ്യമായി തുടങ്ങിയത്.

എന്നാൽ കാലപ്പഴക്കം കൊണ്ട് ഇരുമ്പ് പൈപ്പുകൾ ദ്രവിച്ച് വെള്ളം പാഴായി പോകുന്ന സ്ഥിതിയിലെത്തുകയായിരുന്നു. ഇതിനു പരിഹാരം കാണാൻ മൂടാടി ഗ്രാമപഞ്ചായത്ത് 2021-22 പദ്ധയിൽ 7.5 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തുടർന്ന് പദ്ധതിയുടെ അറ്റകുറ്റ പണികൾ മുഴുവൻ പൂർത്തികരിക്കുകയും ഇരുമ്പ് പൈപ്പുകൾ പൂർണമായും മാറ്റുകയും ചെയ്തു. വൈകാതെ വെള്ളമെത്തുമെന്നു അധികൃതർ അറിയിച്ചു.

യോഗത്തിൽ കമ്മിറ്റി ചെയർമാൻ ഗണേശൻ വി.എം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ.ശ്രീകുമാർ, കെ.സുകുമാരൻ, വി.എം ഷാജു, ഡിസിൽവ എന്നിവർ സംസാരിച്ചു. കൺവീനർ രജിഷ് പാറോൽ സ്വാഗതം പറഞ്ഞു. ഗുണഭോക്താക്കളുടെ യോഗം ചേർന്ന് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.