സൈക്കിളോടിച്ച് രമേശൻ മാസ്റ്റർ എത്തി; വടകര ഹരിത സംഘത്തിന്റെ നന്മ പ്രവർത്തനങ്ങൾ പഠിക്കാൻ
വടകര: സൈക്കിളോടിച്ച് രമേശൻ മാസ്റ്റർ എത്തി, വടകര ഹരിത സംഘത്തിന്റെ നന്മ പ്രവർത്തനങ്ങൾ പഠിക്കാൻ. എറണാകുളത്ത് നിന്നു കാസർകോട് വരെ സൈക്കിളിൽ പര്യടനം നടത്തുന്ന മഹാരാജാസ് കോളജ് അധ്യാപകൻ ഡോ.എം.എച്ച്. രമേശ് കുമാറാണ് പഠനത്തിന്റെ ഭാഗമായി നഗരസഭയുടെ ഹരിയാലി ഹരിത സംഘത്തിന്റെ പ്രവർത്തനം കാണാൻ എത്തിയത്.
തദ്ദേശ സ്ഥാപനങ്ങൾ പൊതുജന നൻമയ്ക്കായി ചെയ്യുന്ന വ്യത്യസ്ത പ്രവർത്തനങ്ങളെപ്പറ്റി പുസ്തകം എഴുതാൻ വേണ്ടിയുള്ള പഠനത്തിനോടനുബന്ധിച്ചാണ് പര്യടനം നടത്തിയത്. ‘നന്മകളിലൂടെ ഒരു സൈക്കിൾ യാത്ര’യുടെ ഭാഗമായി നഗരസഭയുടെ അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്ന എംആർഎഫ് കേന്ദ്രം, ഗ്രീൻ ടെക്നോളജി സെന്റർ, ഗ്രീൻ ഷോപ്പ്, റെന്റ് ഷോപ്പ്, സീറോ വേസ്റ്റ് പദ്ധതി ഓഫിസ്, ഹരിയാലി ഏറ്റെടുത്തു നടത്തുന്ന മുനിസിപ്പൽ പാർക്ക് എന്നിവ സന്ദർശിച്ചു.
നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, ഉപാധ്യക്ഷ കെ.കെ.വനജ, സെക്രട്ടറി എൻ.കെ.ഹരീഷ്, ഹരിയാലി കോ– ഓർഡിനേറ്റർ മണലിൽ മോഹനൻ, സെക്രട്ടറി പി.കെ.അനില, പ്രസിഡന്റ് വി.പി.അനിത എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.