ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാനത്തെ മികച്ച ബ്രാഞ്ച് സെക്രട്ടറിയായി ഡോ.കെ.സന്ധ്യ കുറുപ്പ്


കൊയിലാണ്ടി: തിരുവല്ലയില്‍ നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മികച്ച ബ്രാഞ്ച് സെക്രട്ടറിയായി ഡോ.കെ. സന്ധ്യ കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ സന്ധ്യ മൂന്നര വര്‍ഷത്തോളം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്നു.

കോവിഡ് കാലത്തടക്കം കൈമെയ് മറന്നുള്ള സേവനത്തിലൂടെ കൊയിലാണ്ടിക്കാരുടെ മനംകവര്‍ന്ന ഡോക്ടറാണ് സന്ധ്യ കുറുപ്പ്. ഐ.എം.എയുടെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കുള്ള ഫെലോഷിപ്പിനും ഡോ. സന്ധ്യ അര്‍ഹയായിരുന്നു.

ഏറ്റവും മികച്ച ഐ.എം.എ ബ്രാഞ്ചിനുള്ള ഡോ.എസ്.എസ്.റാവു മെമ്മോറിയല്‍ ഷീല്‍ഡ് കോഴിക്കോടിനാണ് ലഭിച്ചത്. പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ 108ബ്രാഞ്ചുകളില്‍ നിന്നും കോഴിക്കോടിനെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് കോഴിക്കോട് മികച്ച ബ്രാഞ്ചിനുള്ള അംഗീകാരം നേടുന്നത്.