കാല്‍വേദന നിസാരമായി കണ്ട് അവഗണിക്കല്ലേ; ഗുരുതരമായ പ്രശ്‌നത്തിന്റെ സൂചനയാകാം


പലപ്പോഴും ശരീരത്തിനുണ്ടാവുന്ന പല ബുദ്ധിമുട്ടുകളും നമ്മള്‍ നിസാരമായി കണ്ട് അവഗണിക്കാറുണ്ട്. രോഗം ഗുരുതരമായാലോ ഒട്ടും സഹിക്കവയ്യാതെയായാലോ മാത്രം ആശുപത്രിയിലേക്ക് പോകുന്നതാണ് മിക്കവരുടെയും ശീലം. നമ്മള്‍ നിസാരമായി കാണുന്ന അസ്വസ്ഥതകളില്‍ പലതും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളാവാം.

ഇത്തരത്തില്‍ നമ്മളില്‍ അധികപേരും നിസാരമായി കാണുന്ന ആരോഗ്യ പ്രശ്‌നമാണ് കാല്‍വേദന. കഠിനമായ കായിക വ്യായാമം, അധികനേരം നില്‍ക്കുന്നത്, പതിവില്ലാത്ത ജോലി ചെയ്യല്‍ തുടങ്ങി പലകാരണങ്ങള്‍ കൊണ്ടും ഈ പ്രശ്‌നം വരാം.

എന്നാല്‍ ചിലപ്പോള്‍ ജീവന്‍ അപകടത്തിലാണെന്നതിന്റെ സൂചനയായി വരെ കാല്‍ വേദന അനുഭവപ്പെടാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയായും കാല്‍ വേദനയെ കണക്കാക്കാം. മുട്ടിന് താഴെ കാലിന് പിന്നിലായുള്ള മസിലുകളിലായിരിക്കും അധികവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയായുണ്ടാകുന്ന വേദന അനുഭവപ്പെടുക.

പിഎഡി ( പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ്) എന്ന, ഹൃദയത്തെ ബാധിക്കുന്ന അവസ്ഥയിലാണ് അധികവും കാല്‍ വേദന ലക്ഷണമായി വരുന്നത്. രക്തക്കുഴലുകള്‍ക്കുള്ളില്‍ പ്ലേക്ക് അടിഞ്ഞുകൂടുകയും അതിന്റെ ഫലമായി രക്തയോട്ടം ഭാഗികമായി തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് ലളിതമായി പറയാം. ഇതോടെയാണ് കാല്‍ വേദന അനുഭവപ്പെടുന്നത്,.

വേദനയ്ക്ക് പുറമെ അസ്വസ്ഥത, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കാലില്‍ അനുഭവപ്പെടുന്നതും പിഎഡിയുടെ ഭാഗമായാകാം. പിഎഡിയാണെങ്കില്‍ സമയത്തിന് കണ്ടെത്തി ചികിത്സ തേടാനായില്ലെങ്കില്‍ അത് പിന്നീട് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) അടക്കമുള്ള അവസ്ഥകളിലേക്ക് നമ്മെ എത്തിക്കാം.