‘അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ക്യാന്‍സറും ചികിത്സാ ക്ഷീണവുമെല്ലാം ചാലിയാറിലൂടെ അറബിക്കടലിലെത്തി, ആ നമ്പറില്‍ നിന്ന് മെസേജുകളും കഥകളുമൊന്നും വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസിലൊരു ശൂന്യതയാണ്’; മാമുക്കോയയെ ചികിത്സിച്ച ഡോക്ടറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്


കോഴിക്കോട്: തനതായ ശൈലിയില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയ താരം മാമുക്കോയയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. സിനിമാ നടനെന്ന സെലിബ്രിറ്റി പദവിയുള്ളപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കോഴിക്കോട്ടുകാരനായാണ് അദ്ദേഹം എല്ലാക്കാലവും ജീവിച്ചത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ യാത്രയാക്കാനായി നാട് മുഴുവന്‍ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത്.

മാമുക്കോയയെ അറിയുന്നവരും സിനിമകളിലൂടെ മാത്രമറിയുന്നവരുമായി നിരവധി നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചത്. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമെല്ലാം അദ്ദേഹം എല്ലാക്കാലത്തും മലയാളികളുടെ മനസില്‍ ജീവിക്കുമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

മാമുക്കോയ ക്യാന്‍സര്‍ ബാധിതനായപ്പോള്‍ ചികിത്സിച്ച ഡോ. സന്തോഷ് കുമാർ എൻ എഴുതിയ അനുസ്മരണ കുറിപ്പ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ്. ഡോക്ടര്‍-രോഗി എന്ന ബന്ധത്തിനപ്പുറത്ത് തനിക്ക് മാമുക്കോയയുമായുള്ള സൗഹൃദം അദ്ദേഹം വാക്കുകളിലൂടെ വരച്ചുകാണിക്കുന്നു. വായിക്കുന്നവരുടെ കണ്ണ് നനയിക്കുന്ന ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് ഡോക്ടര്‍ ഫേസ്ബുക്കില്‍ല പോസ്റ്റ് ചെയ്തിരിക്കുന്നത്.

പരിശോധനയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ച വിവരം മാമുക്കോയയോട് പറഞ്ഞ നിമിഷവും, ക്യാന്‍സറിനെ അദ്ദേഹം ചിരിച്ചുകൊണ്ട് നേരിട്ട രീതിയും, തന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്യുമ്പള്‍ അത് ഏറ്റുവാങ്ങാനായി ഷൂട്ടിങ് സ്ഥലത്ത് നിന്ന് കോഴിക്കോട് എത്തിയതും പരിപാടിക്ക് ശേഷം ഓട്ടോറിക്ഷയില്‍ മടങ്ങിയതുമെല്ലാം ഡോ. സന്തോഷ് ഓര്‍ത്തെടുക്കുന്നു. മാമുക്കോയയുടെ നമ്പറില്‍ നിന്ന് ഇനി മെസേജുകളോ കഥകളോ വീഡിയോകളോ ഒന്നും വരില്ലല്ലോ, ഒന്ന് കുഴലിറക്കി നോക്കാന്‍ അദ്ദേഹവും ഇനി വരില്ലല്ലോ എന്ന വേദന പങ്കുവച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡോ. സന്തോഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

അന്നൊരു വൈകുന്നേരം ഇഖ്‌റ ഹോസ്പിറ്റലിലെ ഇ എൻ ടി സർജൻ ഡോക്ടർ ഷാഹുൽ ഹമീദാണ് എന്നോട് പറഞ്ഞത്.
“ചിലപ്പോൾ മാമുക്കോയ വിളിക്കും. ഞാൻ നാളെ സന്തോഷിനെ കാണാൻ പറഞ്ഞിട്ടുണ്ട്. Pyriform Sinus ഇൽ (തൊണ്ടയിൽ) ഒരു growth ഉണ്ട്. ബയോപ്സി ഒന്നും എടുത്തിട്ടില്ല.”

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല; അതിനു മുൻപ് കാൾ വന്നു. അന്നു വരെ സിനിമയിൽ മാത്രം കേട്ടിട്ടുള്ള ആ പരുക്കൻ ശബ്ദം.
” ബാലർഷ്‌ണാ …” വിളികളും , “ഗഫൂർ കാ ദോസ്തും”, “സ്‌മൈൽ പ്ളീസ് ..” ഒക്കെ മനസ്സിൽ മിന്നി മറഞ്ഞു.
പിറ്റേന്ന് സാധാരണക്കാരിൽ സാധാരണക്കാരനായി ഒപിയിൽ വന്നു. വാര്യർ സാറെ കണ്ട്, അത് വരെ യുള്ള റിപ്പോർട്ടുകളുടെ അഭിപ്രായം ഒക്കെ അറിഞ്ഞാണ് വന്നത്.

അന്നവിടെ തുടങ്ങിയ ഒരു ബന്ധമാണ്.
കാൻസറിനെ ഒക്കെ പുള്ളി നേരിട്ടത് വളരെ നിസ്സാരമായിട്ടായിരുന്നു. ചിരിച്ചും തമാശകൾ പറഞ്ഞും മുൻപിൽ ഇരിക്കുന്ന പച്ച മനുഷ്യനോട് “സംഭവം കാൻസർ തന്നെ ആണെന്ന്” ചിരിച്ചു കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്. അത് കേട്ട് പുള്ളി ഒന്നും കൂടി ചിരിച്ചു. പുറത്തിറങ്ങാൻ നേരം ആ ചിരി ഒന്ന് മായ്ച്ചു കൊണ്ട് ചോദിച്ചു.
” കൊഴപ്പം ഒന്നുല്ലല്ലോ ലേ”
“ഏയ് ..” എന്ന മറുപടിയിൽ വീണ്ടും ആ മുഖത്തു ചിരി പടർന്നു. കൈ പിടിച്ചു, കോഴിക്കോടിന്റെ സ്നേഹം കൈകളിൽ തന്നു.

അന്ന് മുതൽ ഇടയ്ക്കിടെ വിളിക്കും, മെസ്സേജുകൾ അയക്കും. ഇടക്കൊരു ദിവസം, ഞാൻ പ്രിയദർശന്റെ സിനിമകളെ കുറിച്ചെഴുതിയ കുറിപ്പ്, പ്രിയദർശന് അയച്ചു കൊടുത്തു. അത് വായിച്ചു കിളി പോയ പ്രിയദർശന്റെ മറുപടികൾ എനിക്കയച്ചു തന്നു. കൂടെ ഒരു ഒരുപദേശവും
“ഡോക്ടറ് സില്മേല് വരണ്ട ആളാ… പക്ഷേ ഇഞ്ഞിപ്പോ പോണ്ട. എന്നാലും ഒരു നല്ല സ്ക്രിപ്റ്റ് എഴുതണം … എന്നിട്ട് നമുക്ക് പ്രിയനെ കാണിക്കാം.”
ഇമ്മ്യൂണോതെറാപ്പിയും റേഡിയേഷനും കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഷൂട്ടിങ്ങിന് പൊയ്ക്കോട്ടേ എന്ന് ചോദ്യം.
“ഭക്ഷണം എല്ലാം കഴിക്കാൻ തുടങ്ങിയോ”
“എല്ലാം കഴിക്കുന്നുണ്ട്.”
“ഷൂട്ടിങ്ങിനിടയിൽ ഭക്ഷണം മുടങ്ങരുത്, കുറയരുത്. വീട്ടിലെ പോലെ ഭക്ഷണം കിട്ടണം എന്നില്ലല്ലോ.”
“അതൊന്നും കൊഴപ്പല്ല. രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ഷൂട്ട് . അയിന് മുൻപ് ഇങ്ങളെ വന്ന് കണ്ടിട്ടേ പോവൂ. പക്ഷേ, ഓലുക്കൊരു ഒറപ്പ് കൊടുക്കണ്ടേ.”
അങ്ങനെ മറ്റു പലരും “അയ്യോ ഞാൻ രോഗിയായേ”, “എനിക്കൊന്നിനും വയ്യായേ”, “എന്റെ ജീവിതം തീർന്നേ …” എന്നും പറഞ്ഞു വീടിനുള്ളിലെ സ്വയം തീർക്കുന്ന പ്യൂപ്പകളിൽ കഴിയുന്ന സമയം. “സ്‌മൈൽ പ്ളീസ്” എന്നും പറഞ്ഞു, ഒരു കൂളിംഗ് ഗ്ലാസും വെച്ചു, മ്മളെ ഗഫൂർ കാ ദോസ്ത്, തനിക്കിഷ്ടമുള്ള പണി ചെയ്യാനിറങ്ങി. ആ ദൃഢ നിശ്ചയത്തിന് മുൻപിൽ കാൻസറും ചികിത്സാക്ഷീണവുമെല്ലാം ചാലിയാറിലൂടെ അറബിക്കടലിലെത്തി.
എന്റെ പ്രഥമ പുസ്തകം “ഇരുവഴിഞ്ഞിപ്പുഴയുടെ കരയിൽ” ഏറ്റു വാങ്ങാൻ എന്റെ മനസിൽ വന്ന ആദ്യ പേര് മറ്റാരുടേതുമായിരുന്നില്ല.

വിളിച്ചു ചോദിച്ചു.
” ഇപ്പൊ കോട്ടയത്താണ് . ഷൂട്ടിലാണ്. പക്ഷേ 17, 18 ഞാൻ കോഴിക്കോടുണ്ടാവും. എന്തായാലും വരാം”
“ഒറപ്പല്ലേ … ഇൻവിറ്റേഷനില് പേര് വെക്കട്ടേ.” എന്റെ മറുപടിയിലെ ആശങ്ക പുള്ളിക്ക് പെട്ടെന്ന് മനസിലായി.
” ഇങ്ങള് വെച്ചോളീ ഡോക്ടറേ … ഇക്കൊന്നും സംഭവിച്ചിട്ടില്ലെങ്കി … ഷൂട്ട് കഷ്ടകാലത്തിന് നീണ്ടു പോയിട്ടില്ലെങ്കി ഞാൻ അവിടെ ഉണ്ടാവും. അത് ഇന്റെ ഒറപ്പാണ്.”
ആ “ഇന്റെയിൽ ” ഒരു വല്ലാത്ത ഒറപ്പും, എനിക്കുള്ള ആത്മവിശ്വാസവും നിറഞ്ഞു നിന്നിരുന്നു.
അതിനിടയിൽ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇടക്ക് ചില വിഡിയോകളും തമാശകളും അയച്ചു തരും . പുള്ളിയുടെ കഥാപാത്രങ്ങളുടെ മുഖമുള്ള ട്രോളുകൾ ഷെയർ ചെയ്യും. അതെല്ലാം വളരെ അധികം ആസ്വദിക്കും. ഇടയ്ക്കു തിരിച്ചു വിളിക്കുകയോ വോയിസ് മെസ്സേജ് ആയോ ആ കഥാപത്രത്തെ കുറിച്ചോ ട്രോളിനെ കുറിച്ചോ എന്തെങ്കിലും കഥകൾ പറയും.
തലേന്ന് ഞാൻ ചോദിച്ചു.
“കൂട്ടാൻ വണ്ടി കൊണ്ട് വരട്ടേ.”
“വേണ്ട ഞാൻ എത്തിക്കോളാം. ഇബടെ അടുത്തല്ലെന്ന്‌ ..”

അങ്ങനെ അന്നേ ദിവസം കൃത്യം 4. 45 നു തന്നെ അദ്ദേഹം വേദിയിൽ എത്തി. പുസ്തകപ്രകാശനം എല്ലാം കഴിഞ്ഞു, എല്ലാവരും ഓട്ടോഗ്രാഫ് ഇടുന്ന തിരക്കിലും ഫോട്ടോ എടുക്കുന്ന തിരക്കിലും ആയിരുന്നു.
പിന്നീട് എന്റെ ഒരു സുഹൃത്ത് പറഞ്ഞാണ് ഞാൻ അറിഞ്ഞത്. പുള്ളി ഒരു ഓട്ടോയിലാണ് തിരിച്ചു പോയത് എന്ന് . ഓട്ടോക്ക് കൈ കാണിക്കുമ്പോഴാണ് അവൻ ആളെ ശ്രദ്ധിച്ചത്, അവൻ കൊണ്ടുപോയാക്കാം എന്ന് നിർബന്ധിച്ചെങ്കിലും സമ്മതിച്ചില്ല.
“ഇബടെ അടുത്തല്ലെന്ന്‌ ..”
അതാണ് കോഴിക്കോടിന് മാമുക്കോയ. അയാൾ ഇവിടെ ഒരു സെലെബ്രിറ്റിയല്ല. ഇവിടത്തെ നാട്ടുകാരുടെ എല്ലാവരുടേയും ദോസ്ത് ആണ്. അങ്ങാടിയിൽ നടന്നു വന്ന് മീൻ വാങ്ങിക്കുന്ന, നാട്ടുകാരോട് സൊറ പറയുന്ന തനി കോഴിക്കോട്ടുകാരൻ. ആളുകളെ പറ്റിക്കുന്ന വിദ്യകൾ പഠിപ്പിക്കുന്ന “പോളി ടെക്നിക്കിലും” “കോളേജിലും” ഒന്നും പോവാത്ത പച്ച മനുഷ്യൻ.
ഹൃദയാഘാതം മൂലം ഐസിയുവിലാണ്, അവസ്ഥ മോശമാണ് എന്നെല്ലാം ആ ആശുപത്രിയിലെ ഡോക്ടർമാർ വഴി അറിഞ്ഞിരുന്നു. ആ ചിരിയില്ലാത്ത മുഖം കാണാനും കിടപ്പു കാണാനും വയ്യ.
“ദാ ഇങ്ങനെ ചിരിക്കണം …” എന്ന് പറഞ്ഞു മുഖത്തു വിരിയുന്ന ആ ചിരിയാണ് മനസ്സിൽ …
മനസിൽ ഒരു ശൂന്യതയാണ്. ആ നമ്പറിൽ നിന്നും ഇനി മെസ്സേജുകളോ കഥകളോ വിഡിയോകളോ വരില്ലല്ലോ.
ഒന്ന് കുഴലിറക്കി നോക്കാൻ ഇനി വരില്ലല്ലോ.