കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; നന്മണ്ട സ്വദേശിയായ ഡോക്ടർ അറസ്റ്റില്‍


കുറ്റ്യാടി: ചികിത്സതേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍ അറസ്റ്റില്‍. നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെയാണ് കുറ്റ്യാടി സി.ഐ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ വിപിന്‍ ഒ.പിയില്‍ തന്നെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.വൈകിട്ട് 4 മണിക്കാണ് സംഭവം. രോഗികള്‍ ബഹളമുണ്ടാക്കിയതോടെ ആശുപത്രിയില്‍ എച്ച്.എം.സി യോഗത്തില്‍ പങ്കെടുത്തിരുന്ന കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ സംഭവസ്ഥലത്തെത്തി.

പ്രശ്നം വഷളായതോടെ കുറ്റ്യാടി പോലീസ് വിപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗവ. ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്തതായും ഇയാള്‍ക്കെതിരെ പരാതി ഉണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ കുറ്റ്യാടി പോലീസ് കോടതിയില്‍ ഹാജരാക്കി.