അധികഭാരം കയറ്റിവരുന്ന ചരക്ക്‌വാഹനങ്ങള്‍ക്ക് ഇനി പണികിട്ടും; കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ തീരുമാനം


കോഴിക്കോട്: അധികഭാരം കയറ്റിവരുന്ന ചരക്കുവാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇത്തരം ലോറികള്‍ ചുരത്തില്‍ ഉള്‍പ്പെടെ ഗതാഗതതടസ്സം സൃഷ്ടിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കും.

വേ ബ്രിഡ്ജ് ഉള്‍പ്പടെ സ്ഥാപിച്ച് ഭാരപരിശോധന നടത്താന്‍ ജിയോളജി, പോലീസ്, മോട്ടോര്‍വാഹന വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ക്കാനും കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് നിര്‍ദേശിച്ചു.

പൂക്കാട്, തേരായിക്കടവ്, ഫറോക്ക്, രാമനാട്ടുകര, മുത്തുബസാര്‍, മയ്യന്നൂര്‍ റോഡ് എന്നിവിടങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കാനും നിര്‍ദേശം. കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മിക്കുന്നത് പരിഗണിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.