‘ഇനി ഞാനൊഴുകട്ടെ’; നീര്‍ച്ചാലുകളുടെയും ജല സ്രോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട ജനകീയ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം മേപ്പയ്യൂരില്‍



മേപ്പയ്യൂര്‍: ഹരിത കേരളം മിഷന്‍ ആരംഭിച്ച ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം മേപ്പയ്യൂരില്‍ വെച്ച് നടന്നു. നീര്‍ച്ചാലുകളുടെയും ജല സ്‌റോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട പദ്ധതിയാണിത്. ആച്ചിക്കുളങ്ങര- കണ്ടംചിറ തോടില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാലിന്യ മുക്ത പ്രദേശങ്ങള്‍ക്കായുളള ഇത്തരം മുന്നേറ്റത്തില്‍ ജനങ്ങളും അണിചേര്‍ന്ന് പ്രവര്‍ത്തിച്ചാലേ സാധിക്കുകയുളളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് എന്നിവര്‍ മുഖ്യാതിഥികളായി. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി പ്രസാദ് ക്യാമ്പയിന്‍ വിശദീകരിച്ചു സംസാരിച്ചു. മൈത്രി നഗറില്‍ ആരംഭിച്ച് നരിക്കുനി പാലം വരെയുളള 2.1 കി മീ ദൂരമാണ് ആദ്യ പടിയായി ശുചീകരിച്ചത്. തോടിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ആവശ്യമായ നടപടികളും വഴിയേ സ്വീകരിക്കും.

ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ്‌ന്റെ 2024-25 വര്‍ഷത്തെ മാതൃക പ്രവര്‍ത്തന രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ പ്രകാശനം ചെയ്തു. ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ് ( ജിസിസി), എന്‍എസ്എസ് യൂണിറ്റ്, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങി ആയിരങ്ങള്‍ ശുചീകരണത്തില്‍ പങ്കാളികളായി.

മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ നിഷിദ, അഷിത നടുക്കാട്ടില്‍, എ പി രമ്യ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സുനില്‍, വി പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, ബഹുജന രാഷ്ട്രീയ സംഘടനകളുടെ ഭാഗമായ് എന്‍ എം ദാമോദരന്‍, കെ കുഞ്ഞിക്കണ്ണന്‍, പി കെ അനീഷ്, അബ്ദുറഹ്‌മാന്‍ കമ്മന, നിഷാദ് പൊന്നങ്കണ്ടി, എം കെ രാമചന്ദ്രന്‍, നാരായണന്‍ മേലാട്ട്, മധു പുഴയരികത്ത്, എടിസി അമ്മത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹരിത കേരളം മിഷന്‍ ആര്‍ പി നിരഞ്ജന എം.പി നന്ദി പ്രകാശിപ്പിച്ചു.