പൂക്കാട് നിന്നും തിക്കോടിയിലേക്ക് പോകാന്‍ ബസില്‍ കയറിയ ഭിന്നശേഷി വിദ്യാര്‍ഥിയെ കണ്ടക്ടര്‍ മര്‍ദ്ദിച്ചെന്ന് പരാതി; കൊയിലാണ്ടിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചെന്നും പരാതി


കൊയിലാണ്ടി: സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ കണ്ടക്ടര്‍ മര്‍ദ്ദിച്ച് ഇറക്കി വിട്ടതായി പരാതി. ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഷാനിഫിനെയാണ് (23) വഴിയില്‍ ഇറക്കി വിട്ടത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പൂക്കാട് നിന്നും തിക്കോടിയിലേക്ക് പോകാനായി ഷാനിഫ് ബസ് കയറി. തിക്കോടിയിലേയ്ക്ക് ടിക്കറ്റെടുത്ത ഷാനിഫിനോട് കൊയിലാണ്ടി എത്തിയപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിക്കോടിയിലേയ്ക്കാണ് ടിക്കറ്റെടുത്തതെന്ന് പറഞ്ഞതോടെ ഇയാള്‍ ഷാനിഫിനെ അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

തുടര്‍ന്ന് തിക്കോടി നിര്‍ത്താതെ ഷാനിഫിനെ പയ്യോളിയില്‍ ഇറക്കുവിടുകയും ചെയ്തു. ഉടനെ ഷാനിഫ് നേരെ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി.

അന്വേഷണത്തില്‍ സിഗ്മ എന്ന ബസിലെ ജീവനക്കാരനാണ് വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയതെന്ന് കണ്ടെത്തി. ബസ് ജീവനക്കാരെ പയ്യോളി പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷമായി അഭയം സ്‌കൂളിലെ തൊഴില്‍ പരിശീലന ക്ലാസ് വിദ്യാര്‍ഥിയാണ് ഷാനിഫ്. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ നാട്ടിലെ റേഷന്‍ കടയില്‍ സഹായിയായി നില്‍ക്കും. വര്‍ഷങ്ങളായി ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ട്. ഇതാദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്നും ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഈ ഇരുപത്തിമൂന്നുകാരന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.