ധനകോടി ചിട്ടി തട്ടിപ്പ്: കൊയിലാണ്ടിയിലടക്കം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു
കൊയിലാണ്ടി: ധനകോടി ചിറ്റ്‌സ്, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ കൊയിലാണ്ടിയിലടക്കം ഉയര്‍ന്ന പരാതികളില്‍ അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു.
സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ വിവിധ ശാഖകളിലായി നിക്ഷേപം നടത്തിയ ഇടപാടുകാരുടെ പത്തുകോടിയിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. കൊയിലാണ്ടിയില്‍ മാത്രം ഒന്നേകാല്‍ കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസില്‍ പരാതി ലഭിച്ചത്.
ഏപ്രില്‍ അവസാനം ധനകോടി ചിറ്റ്‌സിന്റെ ഓഫീസും ശാഖകളും പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോയതോടെയാണ് ഇടപാടുകാര്‍ തട്ടിപ്പ് അറിയുന്നത്. ധനകോടി ചിറ്റ്‌സിന് കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലായി ഇരുപത്തിരണ്ട് ശാഖകളാണുള്ളത്. മുന്‍ എം.ഡി.യോഹന്നാന്‍ മറ്റത്തില്‍, ഡയറക്ടര്‍മാരായ സജി സെബാസ്റ്റിയന്‍, ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. ഒളിവില്‍ കഴിഞ്ഞ അഞ്ച് ഡയറക്ടര്‍മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വര്‍ഷങ്ങളായി ചിട്ടി നടത്തുന്ന സ്ഥാപനം നിക്ഷേപകരുടെ വിശ്വാസ്യത ആര്‍ജിച്ചശേഷമാണ് കോടികളുടെ നിക്ഷേപവുമായി മുങ്ങിയത്. പ്രധാനമായും ചിട്ടി നടത്തിയ ശേഷമാണ് പണം സമാഹരിച്ചത്. ചിട്ടി വിളിച്ച പണം സ്ഥിര നിക്ഷേപമായി സ്വീകരിക്കുകയാണ് രീതി. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കിയിരുന്നു. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.