ജനതാദള്‍ എസില്‍ നിന്നും ദേവഗൗഡയെ പുറത്താക്കിയെന്ന് സി.കെ.നാണു വിഭാഗം; ദേശീയാധ്യക്ഷപദവി, പാര്‍ട്ടി അംഗത്വം എന്നിവയില്‍ നിന്നും പുറത്ത്
ന്യൂദല്‍ഹി: ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെ പുറത്താക്കിയെന്ന് സി.കെ.നാണു വിഭാഗം. ബെംഗളുരുവില്‍ ചേര്‍ന്ന പ്ലീനറി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. ദേശീയാധ്യക്ഷപദവിയില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്.
വെള്ളിയാഴ്ച ബെംഗളുരുവില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ സി.കെ.നാണുവിനെ പുറത്താക്കിയതായി ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 11ന് ദേശീയ വൈസ് പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ച് സി.കെ നാണു സമാന്തര യോഗം വിളിച്ചതിന്റെ പേരിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സി.കെ.നാണു വിഭാഗം പ്രമേയം പാസാക്കിയത്. ദേവഗൗഡ വിഭാഗത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും പ്ലീനറി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
ദേശീയ പ്രസിഡന്റ് പദവിയില്‍ തുടരവേ വൈസ് പ്രസിഡന്റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്ന് ദേവഗൗഡ വ്യക്തമാക്കിയിരുന്നു. നേരത്തേ കര്‍ണാടക സംസ്ഥാനാധ്യക്ഷനായ സി എം ഇബ്രാഹിമിനെ ദേവഗൗഡ പുറത്താക്കിയിരുന്നു. എന്നാല്‍ ഇബ്രാഹിം ഇപ്പോഴും കര്‍ണാടക ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്നുവെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
അതിനിടെ, ദേവഗൗഡയും സി.കെ.നാണുവും ബംഗളുരുവില്‍ വെവ്വേറെ വിളിച്ച യോഗങ്ങളില്‍ കേരളത്തിലെ ഔദ്യോഗിക നേതൃത്വം പങ്കെടുക്കുന്നില്ല. ഇരുകൂട്ടരോടും സമദൂരം എന്ന നയത്തിലാണ് സംസ്ഥാന നേതൃത്വം.