കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശോചനീയവസ്ഥ; ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി യു.ഡി എഫ് കൗണ്‍സിലര്‍മാര്‍. ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കാനെത്തിയ ആരോഗ്യമന്ത്രിക്കാണ് നിവേദനം നല്‍കിയിട്ടുളളത്.
ദിവസേന രണ്ടായിരത്തോളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നാണ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്. മോര്‍ച്ചറിയിലെ രണ്ട് ഫ്രീസറുകള്‍ നാളുകളായി കേടായതുകാരണം അപകടമരണങ്ങള്‍ സംഭവിക്കുമ്പോഴും അല്ലാതെയും പോസ്റ്റ്‌മോര്‍ട്ടം സംവിധാനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവില്‍ ഉളളതെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
രണ്ടായിരത്തോളം രോഗികള്‍ വരുന്ന ആശുപത്രിയില്‍ മതിയായ അളവില്‍ സ്റ്റാഫുകള്‍ ഇല്ല എന്നതാണ് പ്രധാന ആക്ഷേപം. എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണമെങ്കില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയര്‍ത്തണം എന്നും യു.ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
ലാബ് എക്‌സറേയില്‍ കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തുക, ഡയാലിസിസ് മൂന്ന് ഷിഫ്റ്റുകളാക്കുക, അത്യാഹിത വിവാഹത്തില്‍ രാത്രി രണ്ട് ഡോക്ടര്‍മാരെ നിയമിക്കുക, ഫാര്‍മസി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക, ലാബ്, പി.എസ.്‌സി ജീവനക്കാര്‍ നൈറ്റ് ഡ്യൂട്ടി എടുക്കുന്നില്ല, രാത്രികാലങ്ങളില്‍ ചുരുങ്ങിയത് മൂന്നുപേരെങ്കിലും ലാബില്‍ ഉണ്ടാവണം, പോലീസ് എയ്ഡ് പോസ്റ്റ് വേണം എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
യു.ഡി എഫ് കൗണ്‍സിലര്‍മാരായ രക്തവല്ലി ടീച്ചര്‍, വി.പി ഇബ്രാഹിംകുട്ടി, മനോജ് പയറ്റുവളപ്പില്‍, വത്സരാജ് കേളോത്ത്, എ. അസീസ് മാസ്റ്റര്‍, ജിഷ പുതിയടത്ത്, സുമതി കെ.എം എന്നിവര്‍ ആരോഗ്യ മന്ത്രിയുമായി നേരിട്ട് സംസാരിച്ചു.