കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികളെല്ലാം പുറത്തേയ്ക്ക് തള്ളി നിൽക്കുന്നു, ഒപ്പം ചോർച്ചയും; അപകട സാധ്യത ഉയർത്തി യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി ചോർച്ചപ്പാലം; ഇനിയും പുനര്‍നിര്‍മ്മാണം ആരംഭിക്കാതെ ദുരിതം തുടരുന്നു
കൊയിലാണ്ടി: ‘യാത്ര ചെയ്യേണ്ട വഴിയാണ്, പക്ഷെ കോണ്‍ ക്രീറ്റ് തകര്‍ന്ന് കമ്പികളെല്ലാം പുറത്തേയ്ക്ക് തള്ളി നിൽക്കുകയാണ്. ചോർച്ചയുമായാണ്’. നാളുകളേറെയായിട്ടും പുതു ജീവൻ നൽകാനായി നടപടികളൊന്നുമില്ലാതെ അപകടാവസ്ഥയിലായ പന്തലായനി റോഡിലെ ചോര്‍ച്ച പാലം.
പാലത്തിന്‍റെ അവസ്ഥ ശോചനീയമായതിനെത്തുടർന്ന് കുറ്റ്യാടി ജല സേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പാലത്തിനടിയിലൂടെയുള്ള യാത്ര നിരോധിച്ചെങ്കിലും വാഹനങ്ങളും കാല്‍നട യാത്രക്കാരും ചോര്‍ച്ച പാലത്തിനുളളിലൂടെയുള്ള യാത്ര തുടരുകയാണ്. അതിനാൽ തന്നെ അപകട സാധ്യത ഏറെയുള്ള ഭാഗമായി മാറിയിരിക്കുകയാണ് ഇവിടം.
വിയ്യൂര്‍, പന്തലായനി ഭാഗങ്ങളില്‍ നിന്ന് കൊല്ലം നെല്യാടി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെയാണ് പാലത്തിന്‍റെ സുരക്ഷാ ഭീഷണി പ്രധാനമായും വലയ്ക്കുന്നത്. ചോർച്ചയോടൊപ്പം കോൺക്രീറ്റ് തകർന്നതും കൂടിയായപ്പോൾ അപകടം ഏറി.
ചോര്‍ച്ചാപാലത്തിന് മുകളിലൂടെയാണ് കുറ്റ്യാടി ജലവസേചന പദ്ധതിയുടെ പ്രധാന കനാല്‍ കടന്നുപോവുന്നത്. കനാല്‍ ജലവിതരണ പദ്ധതി സുഗമമാക്കാനായി ആണ് 1982 – 83 കാലഘട്ടത്തില്‍ പാലം നിർമ്മിച്ചത്. എന്നാൽ തുടക്കകാലം മുതല്‍ തന്നെ ഇത് ചോരുന്ന പ്രശ്നം ഉണ്ടായിരുന്നു. ചോരുന്ന പാലമെന്ന അർത്ഥത്തിൽ പാലത്തിന് ഒടുവിൽ ചോര്‍ച്ചാ പാലം എന്ന പേരും വീഴുകയായിരുന്നു. കനാലില്‍ വെള്ളമെത്തുന്നതോടെ മണ്ണില്‍ കൂടി വെള്ളം ഊര്‍ന്നിറങ്ങി പാലത്തിന്റെ വശത്തെ ഭിത്തിയുടെ അരികുകളിലൂടെ ചോരുന്നതാണ് ചോര്‍ച്ചാപ്രശ്നത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള ചോര്‍ച്ചാപാലം പുനര്‍ നിര്‍മ്മിച്ച് അപകടനില ഒഴിവാക്കാനും യാത്രാക്ലേശത്തിന് പരിഹാരം കാണാനും ഇനിയെങ്കിലും അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന ആവശ്യം ഉയർത്തുകയാണ് ജനങ്ങൾ.
Summary: Delaying the reconstruction of the leaky bridge