പേരാമ്പ്ര സ്വദേശിനിയുടെ മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ മധ്യവയസ്‌കയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി കുടുംബം. പേരാമ്പ്ര സ്വദേശി വിലാസിനി മരിച്ചതുമായി ബന്ധപ്പെട്ടാണ് കുടുംബം ചികിത്സാപ്പിഴവ് ആരോപിച്ച് രംഗത്തുവന്നത്.

മാര്‍ച്ച് നാലിനാണ് വിലാസിനി ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടലിന് പോറല്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ആ പോറലിന് സ്റ്റിച്ചിട്ടതായും പറഞ്ഞിരുന്നു.

പിന്നീട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം വിലാസിനിയ്ക്ക് ഭക്ഷണം കൊടുത്തു. ഇതിന് പിന്നാലെ ഇവര്‍ക്ക് വയറുവേദന അനുഭവപ്പെടുകയും പിന്നീട് നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്‌തെന്നാണ് കുടുംബം പറയുന്നത്.

2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തില്‍ ഹര്‍ഷിനയെന്ന യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ചതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് താന്‍ വിധേയയാകേണ്ടി വന്നുവെന്ന് കാണിച്ച് ഹര്‍ഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പരാതി നല്‍കിയിരുന്നു.