വാർത്താസമ്മേളനം നടത്തി മാസങ്ങൾക്ക് മുമ്പേ രാജി സന്നദ്ധത പ്രഖ്യാപിച്ചു; ആയഞ്ചേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റിന് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്


ആയഞ്ചേരി: വാർത്താസമ്മേളനം നടത്തി മാസങ്ങൾക്ക് മുമ്പേ രാജി സന്നദ്ധത പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. ആയഞ്ചേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് തുണ്ടിയില്‍ ശ്രീധരനാണ് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കാനാണ് കത്തില്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്.

”താങ്കള്‍ നിരന്തരമായി അച്ചടക്കലംഘനം നടത്തുകയും സംഘനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായും തെരഞ്ഞെടുപ്പ് വേളകളില്‍ പാര്‍ട്ടിക്കെതിരായി പരസ്യ പ്രവര്‍ത്തനം നടത്തിയതായും മണ്ഡലം കമ്മിറ്റിയുടെ പരാതി ലഭിച്ചിരിക്കുന്നു. നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പത്രസമ്മേളനം നടത്തി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പരസ്യ പ്രതികരണം നടത്തിയതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗുരുതരമായ അച്ചടക്കലംഘനമാണ് താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന”തെന്നാണ് കത്തില്‍ പറയുന്നത്.

എന്നാൽ രാജി പ്രഖ്യാപിച്ചവർക്ക് നോട്ടീസ് നൽകുന്നതിലൂടെ പ്രസിഡന്റ്‌ സ്വയം അപഹാസ്യനാവുകയാണെന്ന് ടി ശ്രീധരൻ പറഞ്ഞു. കത്ത് കിട്ടിയ ഉടനെ മറുപടി അയച്ചതായി ശ്രീധരന്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യപിച്ചതാണെന്ന് ശ്രീധരന്‍ മറുപടിയില്‍ ചൂണ്ടിക്കാട്ടി.

2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാർഥിയെ പിന്തുണച്ച മണ്ഡലം പ്രസിഡൻ്റിനെതിരെ കെപിസിസി പ്രസിഡൻ്റിനും, ഡിസിസി പ്രസിഡൻ്റിനും, പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനെത്തുടർന്നാണ് ആയഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് ടി ശ്രീധരൻ ഐഎൻടിയുസി നേതാവ് ഇ രാജീവൻ, അരയാക്കൂൽ ബാബു, മഠത്തിൽ പോക്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ രാജി പ്രഖ്യാപിച്ചത്.