കൊല്ലം കുന്ന്യോറമലയിലേത് വികസനത്തിന്റെ മറവില്‍ നടക്കുന്ന പകല്‍ക്കൊള്ള; അഡ്വ. പ്രവീണ്‍ കുമാര്‍
കൊയിലാണ്ടി: വികസനത്തിന്റെ പേരിലുള്ള പകല്‍ക്കൊള്ളയാണ് കൊയിലാണ്ടി കുന്ന്യോറമല ഭാഗത്ത് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. പ്രവീണ്‍കുമാര്‍ പറഞ്ഞു. അശാസ്ത്രീയമായി നടത്തുന്ന ബൈപ്പാസ് നിര്‍മ്മാണവും, അനുബന്ധമായ മണല്‍ക്കൊള്ളയും മൂലം കുന്ന്യോറമല ദിവസേന ഇടിഞ്ഞ് വീണുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസ് മണ്ണെടുപ്പ് മൂലം മണ്ണിടിഞ്ഞ് ദുരിതത്തിലായ കുന്ന്യോറമലയിലെ നിവാസികളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
അനവധി കുടുംബങ്ങളാണ് ആശങ്കയുടെ മുള്‍മുനയില്‍ ജീവിക്കുന്നത്. ബൈപ്പാസിന് കൃത്യമായ പ്ലാനുണ്ടെങ്കിലും അനുബന്ധമായ പ്രവൃത്തികള്‍ക്ക് യാതൊരുവിധ പ്ലാനിംഗുമില്ലാതെയാണ് നടക്കുന്നത്. ഇത് അനുവദിക്കാന്‍ സാധിക്കില്ല അഡ്വ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണ്. ബഹുരാഷ്ട്ര കമ്പനികളുടെ താല്‍പര്യം ഉറപ്പ് വരുത്താന്‍ ഈ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഇരു സര്‍ക്കാറുകളും ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൗണ്‍സിലര്‍ സുമതി.കെ.എം, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുരളി തോറോത്ത്, അഡ്വ.പി.ടി.ഉമേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, രജീഷ് വെള്ളത്തകണ്ടി, നടേരി ഭാസ്‌കരന്‍, വേണുഗോപാല്‍.പി.വി, പുളിക്കൂല്‍ രാജന്‍, എന്‍.ദാസന്‍, പി.കെ.പുരുഷോത്തമന്‍, തന്‍ഹീര്‍ കൊല്ലം, ബൂത്ത് പ്രസിഡണ്ട് വിനോദ്, രജീഷ് കുന്ന്യോറ മല തുടങ്ങിയവര്‍ അനുഗമിച്ചു.