കൊല്ലം പിഷാരികാവിൽ കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചു; ഏപ്രിൽ 6 ന് കാളിയാട്ടം


കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചു.  രാത്രി എട്ടുമണിയോടെയാണ് ഉത്സവതിയ്യതി പ്രഖ്യാപിച്ചത്. ഏപ്രില്‍ അഞ്ച്, ആറ് തിയ്യതികളിലായാണ് ഉത്സവം നടക്കുന്നത്. അഞ്ചിന് വലിയ വിളക്ക്, ആറിന് കാളിയാട്ടം. മാര്‍ച്ച് 30നാണ് കൊടിയേറ്റം. മീനമാസത്തിലാണ് ഉത്സവം, അത് നിശ്ചിത ദിവസം നിശ്ചിത നാളില്‍ തന്നെ നടത്തണമെന്ന നിര്‍ബന്ധമില്ല. അവിടെയാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങിന്റെ പ്രസക്തി.

രാവിലെ പത്തുമണിയോടെയാണ് കാളിയാട്ടം കുറിച്ചത്. പ്രഭാത പൂജ കഴിഞ്ഞശേഷം കാരണവര്‍ തറയിലായിരുന്നു ചടങ്ങ്. പൊറ്റമ്മല്‍ നമ്പീശനായ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തില്‍ ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ കോട്ടൂര്‍ ശശികുമാര്‍ നമ്പീശന്‍ പ്രശ്‌നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങിന് സാക്ഷിയായി.

https://youtube.com/shorts/QwpwtSDGdd0

അത്താഴ പൂജയ്ക്കുശേഷം ആചാരപ്രകാരം ഷാരടി കുടുംബാംഗം   കാളിയാട്ട മുഹൂര്‍ത്തം ഉച്ചത്തില്‍ വിളിച്ചറിയിച്ചു.  കാളിയാട്ടം കുറിക്കല്‍ ചടങ്ങിന് പിന്നാലെ ക്ഷേത്രത്തില്‍ നിന്ന് മാറിനിന്ന മേല്‍ശാന്തി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് കൊടിയേറ്റ ദിനം ചടങ്ങുകള്‍ തുടങ്ങുക. മേല്‍ശാന്തി പ്രവേശിച്ചതിനുശേഷം പുണ്യാഹം തളിക്കും, തുടര്‍ന്ന് കൊടിയേറ്റം. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ള ആദ്യ അവകാശവരവ് എത്തുന്നതോടെ ഉത്സവ ആഘോഷങ്ങള്‍ തുടങ്ങുകയായി. കാളിയാട്ട ദിവസം സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടില്‍ നടക്കുന്ന മേളത്തിനുശേഷം കിഴക്കെ നടയിലൂടെ ഭഗവതി ഊര് ചുറ്റി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തം കഴിഞ്ഞ് ക്ഷേത്രത്തില്‍ തിരികെയെത്തി വാളകം കൂടുന്നതോടെയാണ് ഉത്സവ ആഘോഷങ്ങള്‍ അവസാനിക്കുന്നത്.

വര്‍ഷാവര്‍ഷം പതിനായിരങ്ങളാണ് ഉത്സവാഘോഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ കൊല്ലം പിഷാരികാവിലെത്തുന്നത്. മേളപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഉത്സവം കൂടിയാണ് പിഷാരികാവിലേത്. കൊടിയേറ്റം മുതല്‍ കാളിയാട്ടംവരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന മേളങ്ങള്‍ ആഘോഷത്തിന്റെ ഭാഗമാണ്. ചെറിയ വിളക്ക് ദിവസത്തെ പാണ്ടിമേളവും വലിയ വിളക്കുദിനത്തിലെ രണ്ടുപന്തിമേളവുമെല്ലാം മേളാസ്വാദകര്‍ കാത്തിരിക്കുന്ന വിരുന്നുകളാണ്.

ഇനിയുള്ള നാളുകള്‍ കൊല്ലം പിഷാരികാവിനെയും പരിസരപ്രദേശങ്ങളുള്ളവരെയും സംബന്ധിച്ച് ഒരുക്കങ്ങളുടേതാണ്. ഉത്സവം അവിസ്മരണീയമായ അനുഭവമാക്കാന്‍ ക്ഷേത്ര അധികൃതരും കാലാകാലങ്ങളായി നടത്തുന്ന ആചാരങ്ങള്‍ പഴയതിലും പ്രൗഢിയോടെ നടത്താന്‍ നാടും ഒത്തൊരുമിക്കുന്ന ദിവസങ്ങളാണ് ഇനി വരാനുള്ളത്.