12 മണിക്കൂർ നിലയ്ക്കാതെ ചിലങ്കയുടെ താളം, അണിനിരന്നത് കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭ കലാകാരന്മാർ; ആസ്വാദക ഹൃദയം കീഴടക്കി പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നൃത്താർച്ചന


കൊയിലാണ്ടി: ആസ്വാദകരുടെ മനം നിറച്ച് പന്തലായനി അഘോര ശിവക്ഷേത്രം സന്നിധിയിൽ അരങ്ങേറിയ നൃത്താർച്ചന. ശിവരാത്രി ദിവസമായ ഇന്നലെ കാലത്ത് ആറ് മണി മുതൽ വെെകീട്ട് ആറ് മണി വരെയാണ് അഖണ്ഡ നൃത്താർച്ചന നടന്നത്. ക്ഷേത്ര സന്നിധിയിൽ തിങ്ങിനിറഞ്ഞ ആസ്വാദകര്‍ക്ക് മുന്നിലായിരുന്നു പ്രകടനം. കേരളത്തിനകത്തും പുറത്തുമുള്ള നർത്തകീ നർത്തകന്മാരുടെ നടനാവിഷ്‌കാരം ആസ്വാദക ഹൃദയം നെഞ്ചിലേറ്റി. ഭരതാഞ്ജലി പെർഫോർമിങ്ങ് ആർട്ട്സ് സെന്ററിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂർ നീണ്ടു നിന്ന നൃത്താർച്ചന സംഘടിപ്പിച്ചത്.

പ്രശസ്ത ഭരതനാട്യം നർത്തകി ദീപ്തി പാറോലിന്റെ അവതരണത്തിലൂടെയാണ് നൃത്താർച്ചനയ്ക്ക് തുടക്കം കുറിച്ചത്. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, ഒഡീസി, കർണാട്ടിക്, മണി പൂരി, സത്രിയ, കഥക്, കേരളനടനം എന്നിവയും അരങ്ങേറി. ഹൈദ്രബാദിൽ നിന്നുള്ള കുച്ചുപ്പുടിയിലെ അതികായ കലാകാരി ഡോ. രമാദേവിന്റെ കുച്ചുപ്പുടി നൃത്തത്തോടെയാണ് നൃത്താർച്ചനയ്ക്ക് തിരശ്ശീല വീണത്.

ഭരതനാട്യവുമായി മലപ്പുറത്തു നിന്നുള്ള മഞ്ജു വി നായർ, സുരേഷ് ശ്രീധർ തിരുവനന്തപുരം, എൻ. ശ്രീകാന്ത് നടരാജൻ ചെന്നൈ എന്നിവർ അരങ്ങിലെത്തി. ഡോ. സുമിതാ നായർ മോഹിനിയാട്ടവും ആസാമിൽ നിന്നുള്ള ഡോ. മോനിഷ ദേവി ഗോസ്വാമി സാത്രിയ നൃത്തവും അവതരിപ്പിച്ചു. വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഡോ. തമാലിക ഡേ കഥക് നൃത്തം അവതരിപ്പിച്ചു. മണിപ്പൂരി നൃത്തവുമായി ഡോ.താനിയ ചക്ര ബോർത്തി കൊൽക്കത്തയും അരങ്ങിലെത്തി. വിവിധ ശാസ്ത്രിയ നൃത്തത്തിന്റെ പ്രഗൽഭ കലാകാരൻമാരൊടൊപ്പം കേരളത്തിലെ വളർന്നു വരുന്ന യുവപ്രതിഭകളും നൃത്തനൃത്യങ്ങളുമായി അരങ്ങിലെത്തിയിരുന്നു.

ഡോ. മധുസൂദനൻ ഭരതാഞ്ജലിയുടെ സംഘാടനത്തിലാണ് നൃത്താർച്ചന സംഘടിപ്പിച്ചത്. പന്തലായനി അഘോര ശിവക്ഷേത്ര കമ്മറ്റിയുടെ സഹകരണവുമുണ്ടായിരുന്നു. രാവിലെ മുതൽ നിറഞ്ഞ സദസ്സാണ് ക്ഷേത്ര സന്നിധിയിൽ ദൃശ്യമായത്. കേരളത്തിന് പുറത്തുള്ള ശാസ്ത്രിയ നൃത്തത്തിന്റെ പ്രകടനങ്ങൾ കാഴ്ചക്കാരിൽ കൗതുകമുണർത്തി.

 

Summary: Dance performance at Panthalayani Aghora Shiva Temple won the hearts of the connoisseurs