തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഓസ്‌കാര്‍ പുരുഷു പൂച്ചയ്ക്ക് വീണ്ടും അംഗീകാരം; കുട്ടികള്‍ക്കുവേണ്ടിയുള്ള അഖില കേരള റേഡിയോ നാടക മത്സരത്തില്‍ മികച്ച നടിയായി ദല
ചേമഞ്ചേരി: കുട്ടികള്‍ക്കുവേണ്ടിയുള്ള അഖില കേരള റേഡിയോ നാടക മത്സരത്തില്‍ മികച്ച നടിയായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി ദല. കൊല്ലം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ്, കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ നടത്തിയ നാടക മത്സരത്തിലാണ് ദലയ്ക്ക് അംഗീകാരം ലഭിച്ചത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി സ്‌കൂളുകളില്‍ യു.പി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിഭാഗങ്ങള്‍ക്കായി ഒറ്റ മത്സരമായിരുന്നു.
നേരത്തെ സംസ്ഥാന കലോത്സവത്തില്‍ അംഗീകാരം നേടിയ ഓസ്‌കാര്‍ പുരുഷുവെന്ന നാടകമാണ് റേഡിയോ നാടക രൂപത്തില്‍ അവതരിപ്പിച്ചത്. ഇതില്‍ പുരുഷു പൂച്ച എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിക്കൊണ്ടാണ് ദല മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ മത്സരം നടന്ന വിഭാഗമായിരുന്നു മികച്ച നടിക്കുള്ളത്. ഏഴോളം മികച്ച നടിമാരില്‍ നിന്നാണ് ദല ഒന്നാം സ്ഥാനത്തെത്തിയത്.
കഴിഞ്ഞവര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ മികച്ച നടിയായും ഈ വര്‍ഷം കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തില്‍ C/o പൊട്ടക്കുളം എന്ന നാടകത്തിലെ അഭിനയത്തിലൂടെ മികച്ച നടിയായും ദല തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാടക സംവിധായകന്‍ ശിവദാസ് പൊയില്‍ക്കാവിന്റെ മകള്‍ കൂടിയാണ് ദല.
ഡോ. സാംകുട്ടി പട്ടങ്കരി, പി.ജെ.ഉണ്ണിക്കൃഷ്ണന്‍, ഡോ.ബിയാട്രിസ് അലക്‌സിസ്, ഡോ.എം.എസ് നൗഫല്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.