കെ.കെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപം; പേരാമ്പ്ര സ്വദേശിക്കെതിരെ കേസ്


വടകര: വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസ്. പേരാമ്പ്ര സ്വദേശി ഷഫീഖ് വാലിയക്കോടിനെതിരെയാണ് കേസെടുത്തത്. സമൂഹമാധ്യത്തിലൂടെ ശൈലജ ടീച്ചർക്കെതിരെ വ്യാജപ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്.

ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചെന്ന കേസിൽ നേരത്തേ രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. കുറ്റ്യാടി മുറ്റത്തുപ്ലാവിലെ മെബിൻ തോമസ് (26), മലപ്പുറം പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.

കൂടാതെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ പേരാമ്പ്ര വാളൂർ സ്വദേശിയായ സല്‍മാനെതിരെയും കേസെടുത്തിരുന്നു. ലഹളയും പ്രകോപനവും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കെ.എം.മിൻഹാജിനെതിരെ വടകരയിലും മട്ടന്നൂരും കേസെടുത്തു.