ശാസ്ത്രലോകത്തിന് പുതിയ ഇനം സൂക്ഷ്മജീവിയെ പരിചയപ്പെടുത്തി കുസാറ്റ്; ഗവേഷകരില്‍ മേപ്പയ്യൂര്‍ സ്വദേശി വിഷ്ണുദത്തനും
കൊയിലാണ്ടി: ഇന്ത്യയില്‍ ആദ്യമായി പുതിയ ഇനം മറൈന്‍ ടാര്‍ഡിഗ്രേഡ് (ജലക്കരടി) ജീവിയെ കണ്ടെത്തിയ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സംഘത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയും. മേപ്പയ്യൂര്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി വിഷ്ണുദത്താണ് ഈ ഉദ്യമത്തില്‍ പങ്കാളിയായി നാടിന് അഭിമാനമായത്.
കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള മറൈന്‍ ബയോളജി വിഭാഗം തിഴ്നാട് തീരങ്ങളിലുള്ള സര്‍വേകളിലാണ് ഈ നവജാതിയെ കണ്ടെത്തിയത്. ഗവേഷക വിദ്യാര്‍ഥിയായ എന്‍.കെ. വിഷ്ണുദത്തനും വകുപ്പ് മേധാവി ഡോ: എസ്. ബിജോയ് നന്ദനുമാണ് ഈ ജീവിയെ ശാസ്ത്രലോകത്തിന് സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശാസ്ത്രലോകത്ത് അനേകം സംഭാവന ചെയ്ത ഡോക്ടര്‍ അബ്ദുള്‍ കലാമിനോടുളള ആദര സൂചകമായി പുതിയ ഇനം മറൈന്‍ ടാര്‍ഡിഗ്രേഡ് ജീവിയുടെ നാമം ‘ബാറ്റിലിപ്പെസ് കലാമി (Batilipes kaalami) എന്നാക്കി നല്‍കി. ഈ സൂക്ഷ്മ ജലജീവിയായ ടാര്‍ഡിഗ്രേഡ്, ജലക്കരടി അല്ലെങ്കില്‍ പന്നല്‍ പന്നി കുഞ്ഞുങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു.
ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ഉപദ്വീപിലെ കിഴക്കന്‍ തീരത്ത് നിന്നും പുതിയ ഇനം ജീവിയെ കണ്ടെത്താന്‍ സാധിച്ചത്. 2021 ല്‍ ഇതേ ഗവേഷക സംഘം തെക്ക് പടിഞ്ഞാറന്‍ തീരത്ത് നിന്നും Stygaractus keralensis ടാര്‍ഡി ഗ്രേഡിനെ ശാസ്ത്രത്തിന് പരിചയപ്പെടുത്തിയത്.
വിഷ്ണുദത്തന്‍ റിട്ടേര്‍ഡ് അധ്യാപകനും പക്ഷി നിരീക്ഷകനും മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാനുമായ എന്‍.കെ.സത്യന്‍ മാസ്റ്ററുടെയും സുജയുടെയും മകനാണ്.