3 കോടി ചെലവാക്കി വാങ്ങിയ മെഷീൻ ഉണ്ട്, എന്നാലും സി.ടി സ്കാൻ ചെയ്യാൻ കോഴിക്കോടേക്ക് പോകണം; കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലെ സി.ടി സ്കാൻ മെഷീൻ നോക്കുകുത്തിയായിട്ട് രണ്ട് മാസം


കൊയിലാണ്ടി: മൂന്നുകോടിയോളം രൂപ ചെലവിട്ട് സജ്ജമാക്കിയ താലൂക്കാശുപത്രിയിലെ സി.ടി. സ്‌കാന്‍ സംവിധാനം രോഗികള്‍ക്ക് പ്രയോജനപ്പെടാതായിട്ട് രണ്ടുമാസം. ടെക്‌നീഷ്യനും റേഡിയോളജിസ്റ്റുമില്ലാത്തത് കാരണമാണ് സി.ടി സ്‌കാന്‍ പ്രവര്‍ത്തന രഹിതമായത്.

ഇപ്പോള്‍ സി.ടി. സ്‌കാനിങ് ആവശ്യമുള്ള രോഗികള്‍ കോഴിക്കോട്ടേക്കും മറ്റും പോകേണ്ട അവസ്ഥയാണ്. എണ്ണൂറ് മുതല്‍ ആയിരം രൂപവരെ ചെലവാകുന്ന സംവിധാനത്തിന് യാത്രാ ചെലവടക്കം ചെലവഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിനെയോ സ്വകാര്യ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.

താലൂക്കാശുപത്രിയിലെ എച്ച്.എം.സി, ആര്‍.എസ്.ബി.വൈ, സെക്യൂരിറ്റി വിഭാഗങ്ങളിലെ അറുപതോളം ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനുള്ള തുക കണ്ടെത്തുന്നതും ഈ വരുമാനത്തില്‍നിന്നായിരുന്നു.

റേഡിയോളജിസ്റ്റിനെ നിയമിക്കാനായി അടുത്ത ദിവസം തന്നെ പത്രങ്ങളില്‍ പരസ്യം നല്‍കുമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്റര്‍വ്യൂ നടത്തി എത്രയും പെട്ടെന്ന് സി.ടി. സ്‌കാന്‍ സംവിധാനം പ്രവര്‍ത്തന ക്ഷമമാക്കുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് നഗരസഭാ ആരോഗ്യവിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രജില കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

പകരം ഡോക്ടറെ കണ്ടെത്താന്‍ ഇത്രയും നീണ്ടുപോയത് പിഴവ് തന്നെയാണെന്ന് നഗരസഭയും സമ്മതിക്കുന്നുണ്ട്. ആശുപത്രിയില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തുന്നതിന് ഒരു ഡോക്ടറുണ്ട്. താത്കാലികമായി നിയമിച്ച ഈ ഡോക്ടറുടെ സേവനം ഭാഗികമായെങ്കിലും സി.ടി. സ്‌കാനിങ്ങിനും പ്രയോജനപ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിനാണെങ്കില്‍ കൂടി പത്രങ്ങളില്‍ പരസ്യം നല്‍കി അതിന്റേതായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നാണ് നഗരസഭ പറയുന്നത്.

2020 ജൂലായിലാണ് താലൂക്കാശുപത്രിയില്‍ സി.ടി. സ്‌കാന്‍ സംവിധാനം തുടങ്ങിയത്. ആയിരത്തോളം സ്‌കാനിങ് ഇവിടെ നടന്നു. ദിവസം ശരാശരി പത്തുകേസുകളാണുണ്ടാവാറുള്ളത്. അള്‍ട്രാ സൗണ്ട് സ്‌കാനിങ് പ്രതിദിനം ഇരുപത്തഞ്ചോളമുണ്ട്. ഒട്ടേറെ രോഗികള്‍ക്ക് പ്രയോജനവും ആശുപത്രിക്ക് വരുമാനവുമുണ്ടാകുന്ന സ്‌കാനിങ് സംവിധാനം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സി.ടി. സ്‌കാന്‍ വിഭാഗത്തില്‍ ടെക്‌നീഷ്യനെയും റേഡിയോളജിസ്റ്റിനെയും നിയമിക്കാന്‍ ഉടന്‍ നടപടിയുണ്ടാവുമെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്.