കൊല്ലം കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ തടയാന്‍ ബലപ്പെടുത്തല്‍ നടത്തിയ പ്രദേശത്തെ മൂന്ന് വീടുകളിലും വീട്ടുപറമ്പുകളിലും വിള്ളല്‍; പ്രദേശവാസികളില്‍ ആശങ്ക


കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ തടയാന്‍ സോയില്‍ നൈലിങ് നടത്തിയതിന് സമീപത്തുള്ള വീടുകളിലും വീട്ടുപറമ്പിലും വിള്ളല്‍. മൂന്ന് വീടുകള്‍ക്കാണ് വിള്ളല്‍ കണ്ടത്. കുന്ന്യോറമല പ്രമീള, ഗോപാലന്‍, ഗോപീഷ് എന്നിവരുടെ വീടുകള്‍ക്കും ഭൂമിക്കുമാണ് വിള്ളല്‍ കണ്ടത്.

ദേശീയപാത പ്രവൃത്തി തുടങ്ങിയതിന് പിന്നാലെ കുന്ന്യോറമലയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് തഹസില്‍ദാറടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരം വാടകവീട്ടിലേക്ക് മാറിയവരാണ് ഇതില്‍ രണ്ട് കുടുംബങ്ങള്‍. പ്രമീള നിലവില്‍ ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്.

പ്രമീള നിലവില്‍ ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. പ്രമീളയുടെ വീടിന്റെ മുന്‍ഭാഗത്തെ ഭൂമിയിലാണ് വിള്ളല്‍ കണ്ടത്. വീടിന്റെ മുന്‍ഭാഗത്തും വിള്ളലുണ്ട്. ഗോപാലന്റെ വീടിന്റെ പിറകുവശത്ത് ബാത്ത്‌റൂമിനോട് ചേര്‍ന്ന ഭാഗത്താണ് വിള്ളലുണ്ടായത്. ഗോപീഷിന്റെ വീടിന്റെ ഹാളില്‍ ഉള്‍ഭാഗത്തും പുറത്തുമായി വിള്ളലുണ്ടായിട്ടുണ്ട്. പറമ്പിലെ മഴവെള്ളമിറങ്ങിയാല്‍ ഈ ഭാഗംവരെ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് നിലവില്‍ സോയില്‍ നൈലിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

മണ്ണിടിഞ്ഞ ഭാഗത്ത് പതിനൊന്ന് മീറ്ററോളം ഉള്ളിലേക്ക് ഇരുമ്പ് പൈപ്പുകള്‍ താഴ്ത്തി ഇതിനുള്ളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സ് കടത്തുകയാണ് കുന്ന്യോറമലയില്‍ നിലവില്‍ ചെയ്തത്. ഈ ബലപ്പെടുത്തല്‍കൊണ്ട് കുന്ന്യോറമലയെ സുരക്ഷിതമാക്കാന്‍ കഴിയില്ലെന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ പറഞ്ഞതാണ്. മണ്ണിനുള്ളിലേക്ക് കമ്പിയടിച്ച പതിനൊന്ന് മീറ്റര്‍ ദൂരംവരെയുള്ള മണ്ണ് ഇടിയുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ പങ്കുവെച്ചിരുന്നു. കൂടാതെ മണ്ണിനുള്ളിലേക്ക് കടത്തിവിട്ട കോണ്‍ക്രീറ്റ് മിക്‌സ് ഇവരുടെ കുഴല്‍ കിണറുകളെ മലിനമാക്കുകയും ചെയ്തിരുന്നു. ഗോപീഷിന്റെ വീട്ടിലെ കുഴല്‍ കിണറാണ് മലിനമായത്. പിന്നീട് വാഗാഡ് ഇവര്‍ക്ക് കുഴല്‍ കിണര്‍ കുഴിച്ചുനല്‍കിയെങ്കിലും ഇതില്‍ വെള്ളം കിട്ടിയിരുന്നില്ല.

ബലപ്പെടുത്തല്‍ പ്രവൃത്തി നടന്ന ഭാഗത്തിന് എതിര്‍വശത്തെ മണ്ണ് കഴിഞ്ഞദിവസം വലിയ തോതില്‍ ഇടിഞ്ഞിരുന്നു. ഇതും കുന്ന്യോറമല നിവാസികളില്‍ ആശങ്കവര്‍ധിപ്പിച്ചിട്ടുണ്ട്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് കുന്ന്യോറമലയെ മണ്ണിടിച്ചില്‍ ഭീഷണിയിലാക്കിയിരിക്കുന്നത്. നിലവില്‍ അപകടാവസ്ഥയിലായ വീടുകളുള്‍പ്പെടുന്ന ഭൂമി കൂടി ഏറ്റെടുത്ത് സ്ഥലത്തെ തട്ടുകളായി തിരിച്ചാല്‍ മാത്രമേ മണ്ണിടിച്ചില്‍ തടയാനാവൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ഭൂമിയേറ്റെടുക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.