വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; അർഹരായവരിൽ തുറയൂർ സ്വദേശി കെ ഹരീഷും


പയ്യോളി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് സംസ്ഥാനത്തെ 239 ഉദ്യോഗസ്ഥർ അർഹരായി.‌ 25 ഉദ്യോഗസ്ഥർക്കാണു വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാ സേനാ മെഡല്‍ പുരസ്കാരം. ഈ വർഷത്തെ പോലീസ് മെഡലിന് അർഹനായവരിൽ തുറയൂർ സ്വദേശി കുന്നുമ്മല്‍ കെ ഹരീഷും ഉൾപ്പെടും. നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഹരീഷ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചത്.

ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ്, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ എസ്.പി സുനീഷ് കുമാർ ആർ തുടങ്ങിയവരാണ് മെഡൽ നേടിയ ഐപിഎസുകാർ. കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 19 പോലീസ് ഉദ്യോ​ഗസ്ഥരാണ് മെഡലിന് അർഹരായത്.

2005 ലാണ് കെ ഹരീഷ് പോലീസ് സേനയിൽ ജോലിയില്‍ പ്രവേശിച്ചത്. രണ്ട് പതിറ്റാണ്ടോളം നീണ്ട സർവ്വീസിനിടയിൽ കോഴിക്കോട് സിറ്റി കണ്‍ട്രോള്‍, സിറ്റി ട്രാഫിക്ക്, ജില്ല ക്രൈം ബ്രാഞ്ച് കോഴിക്കോട് സിറ്റി എന്നിവടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതനായ കുഞ്ഞിക്കോരന്‍റെയും ഇന്ദിരയുടെയും മകനാണ്. ദീപയാണ് ഭാര്യ. മക്കള്‍: അനാമിത്ര, ആന്‍ലിയ.

Summary: SCPO K Harish got Chief Minister’s Police Medal for Distinguished Service