കൊലവിളി മുദ്രാവാക്യവുമായി തിക്കോടിയില്‍ സി.പി.എം നടത്തിയ പ്രകടനത്തിന്റെ വീഡിയോ പുറത്ത്



കൊയിലാണ്ടി: തിക്കോടി ടൗണില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. ‘ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ’എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. ‘വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും’ എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

തിങ്കളാഴ്ച രാത്രി നടത്തിയ പ്രകടനത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെരുമാള്‍പുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരത്തുകൂടെയാണ് പ്രകടനം നടത്തിയത്. വീഡിയോ ദൃശ്യങ്ങളില്‍ ആളുകളുടെ മുഖം വ്യക്തമല്ല. പെരുമാള്‍പുരം, പള്ളിക്കര ഭാഗത്തുള്ളവരാണ് പ്രകടനത്തിലുള്ളവരെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനെതിരെ സംസ്ഥാന വ്യാപകമായി ഇടത് അണികളും തെരുവിലിറങ്ങിയിട്ടുണ്ട്.

മുഖ്യമന്ത്രിയ്ക്കുനേരെ വിമാനത്താവളത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ വാര്‍ത്ത വന്നയുടന്‍ നടത്തിയ പ്രകടനമാണിതെന്നും അതാണ് ഇത്തരമൊരു മുദ്രാവാക്യം വിളിയ്ക്ക് കാരണമെന്നുമാണ് പ്രാദേശിക നേതാക്കള്‍ പൊലീസിന് നല്‍കിയ വിശദീകരണം.