തിക്കോടിയില്‍ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; പിന്നില്‍ യു.ഡി.എഫ് എന്ന് സിപിഎം ആരോപണം


തിക്കോടി: സിപിഎം തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗവും സിഐടിയു ഏരിയ കമ്മിറ്റി അംഗവുമായ ചെത്തില്‍ ഗിരീഷിന്റെ വീട്ടിലേയ്ക്ക് സ്ഫാടക വസ്തു എറിഞ്ഞെന്ന് ആരോപണം. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

ചെത്തില്‍ ഗിരീഷിന്റെ തറവാട്ട് വീട്ടിലേക്കാണ് അതിശക്തമായ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞതെന്ന് സിപിഎം തിക്കോടി ലോക്കല്‍ സെക്രട്ടറി കളത്തില്‍ ബിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്നും നാളെ തിക്കോടി പഞ്ചായത്തില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇത്തരം അക്രമങ്ങളെ ജനങ്ങളെ അണി നിരത്തി ജനാധിപത്യ രീതിയില്‍ നേരിടുമെന്നും സിപിഎം തിക്കോടി ലോക്കല്‍ സെക്രട്ടറി കളത്തില്‍ ബിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.