പതിവുപോലെ കിണറുകളിലേക്ക് മലിനജലം ഒഴുകിയെത്തി, തൊഴിലാളികളും ഒഴിഞ്ഞു പോയില്ല; നന്തിയിലെ വഗാഡ് ലേബർ ക്യാമ്പ് പ്രവർത്തനം പൂർണ്ണമായി സ്തംഭിപ്പിച്ച് ഉപരോധ സമരമാരംഭിച്ച് സി.പി.എം


നന്തി: പ്രതിഷേധങ്ങളുടെയും താക്കീതുകളുടെയും അധികാരികളുടെ ഉത്തരവിനെ തുടർന്നും ഇന്നലെ രാവിലെ നന്തിയിലെ ആളുകളുടെ വീട്ടിലെ കിണറുകളില്‍ പതിവുപോലെ ഒഴുകിയെത്തിയത് മലിനജലം. ആര്‍.ഡി.ഒയുടെ നിര്‍ദേശം ലംഘിച്ച്‌ ലേബര്‍ ക്യാമ്പിൽ നിന്ന് തൊഴിലാളികള്‍ ഒഴിഞ്ഞുപോയതുമില്ല. ഇതിനെ തുടർന്ന് ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ വീണ്ടും നാട്ടുകാര്‍ സംഘടിച്ച്‌ പ്ലാന്റിന് മുന്നില്‍ പന്തല്‍ കെട്ടി ജനകീയ ഉപരോധം ആരംഭിച്ചു.

ദേശീയപാത വികസന പ്രവൃത്തിയുടെ ഉപകരാറുകാരായ വാഗഡ് ഇന്‍ഫ്രാ പ്രോജക്‌ട്സിന്റെ ലേബര്‍ ക്യാമ്ബ് മാറ്റണമെന്നാവശ്യപ്പെട്ടാണ് നന്തിയിലെ പ്ലാന്റിന് മുന്നില്‍ സി.പി.എം നേതൃത്വത്തില്‍ വീണ്ടും ഉപരോധമാരംഭിച്ചത്. മലിനജലം കലര്‍ന്ന് പ്രദേശത്തെ വീടുകളിലെ വാട്ടര്‍ടാങ്കും ടാപ്പുകളുമെല്ലാം ഉപയോഗശൂന്യമായതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. ലേബര്‍ ക്യാമ്പില്‍ കക്കൂസ് മാലിന്യങ്ങള്‍ ശരിയാംവിധം നിര്‍മാര്‍ജ്ജനം ചെയ്യാത്തതാണ് താഴെയുള്ള നിരവധി വീടുകളിലെ കിണര്‍ മലിനമാകാന്‍ ഇടയാക്കിയത്.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല വിഷയത്തില്‍ ഇടപെട്ടതിന്റെ പശ്ചാത്തലത്തിൽ ആര്‍.ഡി.ഒ സി ബിജു സ്ഥലത്തെത്തി ലേബര്‍ ക്യാമ്പ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു. ശുദ്ധമായ കുടിവെള്ളം വീടുകളില്‍ എത്തിച്ചു നല്‍കുന്നത് ഉള്‍പ്പടെ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. എന്നാൽ ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് സി.പി.എം നേതൃത്വത്തില്‍ നാട്ടുകാര്‍ വീണ്ടും സംഘടിച്ച്‌ പ്ലാന്റിന് മുന്നില്‍ പന്തല്‍ കെട്ടി ഉപരോധം തീർത്തത്.

ഉപരോധമാരംഭിച്ചതോടെ അഴിയൂര്‍ -വെങ്ങളം ദേശീയപാത പ്രവൃത്തി ചൊവ്വാഴ്ച ഭാഗികമായി തടസ്സപ്പെട്ടു. കാനത്തില്‍ ജമീല എം.എല്‍.എ സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതി വിലയിരുത്തി. ബുധനാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ആലോചന.

സമരത്തില്‍ സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ജീവാനന്ദന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സമരസമിതി ചെയര്‍മാന്‍ ശശി പുത്തലത്ത്, കണ്‍വീനര്‍ എന്‍.കെ. കുഞ്ഞിരാമന്‍,സി.പി.എം ലോക്കല്‍ സെക്രട്ടറി കെ. വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു.

കുന്നിനു മുകളിലെ ലേബര്‍ ക്യാമ്പിനു താഴെയുള്ള ഒമ്പതു വീടുകളിലെ കിണറുകളിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കിണറുകളില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെടുകയും വെള്ളം കുടിച്ച ഒരു വീട്ടിലെ അഞ്ചുപേര്‍ വയറിളക്കെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കിണര്‍ വെള്ളം പരിശോധിച്ചത്. തുടര്‍ന്ന് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവരികയും ചെയ്യുകയായിരുന്നു,

കിണര്‍ മലിനമായ വീടുകളില്‍ മാര്‍ച്ച് 17 മുതല്‍ കമ്പനി ചെലവില്‍ വെളളമെത്തിക്കണമെന്ന ആര്‍.ഡി.ഒയുടെ ഉത്തരവും പൂർണ്ണമായി പാലിച്ചില്ല. അതുവരെ വെള്ളമെത്തിച്ചതിന്റെ ചെലവ് കമ്പനിയില്‍ നിന്ന് ഈടാക്കുമെന്നും ആര്‍.ഡി.ഒ വ്യക്തമാക്കിയിരുന്നു. പതിനേഴാം തിയ്യതിയും പതിനെട്ടാം തിയ്യതിയും മാത്രമാണ് വെള്ളമെത്തിച്ചതെന്നും പിന്നീട് കമ്പനി വീടുകളിലേക്ക് വെളളം കൊണ്ടുവന്നില്ലെന്നും പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.