സി.പി.എം കൊയിലാണ്ടി ഏരിയ പ്രതിനിധി സമ്മേളനം ചേമഞ്ചേരിയില്‍ ആരംഭിച്ചു


കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ ആരംഭിച്ചു. പൂക്കാട് സഹകരണ ബാങ്കിലെ പി.വി.സത്യനാഥന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്ന സി.പി.എം നേതാവ് പി.വി.മാധവന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിൽ അസി.ഡയറക്ടറായിരുന്ന പ്രൊഫ.കെ എ രാജ് മോഹനൻ്റെ നേതൃത്വത്തിൽ സുരഭി, ഭാഗ്യ, നന്ദന, ദീപക്, സജേഷ് മലയിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ചസ്വാഗത ഗാനത്തോടെയായിരുന്നു തുടക്കം. സി അശ്വനിദേവ് രക്തസാക്ഷി പ്രമേയവും കെ ഷിജു അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള വിശദമായ പൊതുചര്‍ച്ചയ്ക്കും മറുപടിയ്ക്കുംശേഷം പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.

എം.സുഗതന്‍മാസ്റ്റര്‍, എല്‍.ജി.ലിജീഷ്, പി.വി.അനുഷ, എം.നൗഫല്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.മെഹബൂബ്, സി.ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.ദാസന്‍, വിശ്വന്‍ മാസ്റ്റര്‍, മുസാഫിര്‍ അഹമ്മദ്, കാനത്തിൽ ജമീല എം എൽ എ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പി.വി.സത്യനാഥൻ്റ മകൻ സലിൽ നാഥ്, സഹോദരൻ രഘുനാഥ്, കന്മന ശ്രീധരൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ പി.ബാബുരാജ് സ്വാഗതം പറഞ്ഞു. 16 ലോക്കലുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഏരിയാ കമ്മറ്റിയംഗങ്ങളുമടക്കം 149 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ഞായറാഴ്ച വൈകീട്ട് പൂക്കാട് ടൗണില്‍ നിന്നാരംഭിക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതു പ്രകടനവും കാഞ്ഞിലശേരി നായനാര്‍ സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.