സിപിഎം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും; പി മോഹനൻ സ്ഥാനം ഒഴിയും, കെകെ ദിനേശൻ സെക്രട്ടറി സ്ഥാനത്തേക്ക്?
വടകര: സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകുമ്പോള്‍ പുതിയ ജില്ലാ സെക്രട്ടറിയെ ഇന്ന് അറിയാം. നിലവിലുള്ള ജില്ലാ സെക്രട്ടറി പി.മോഹനന്‍ സെക്രട്ടറി പദവിയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാല്‍ സ്ഥാനം ഒഴിയുമെന്ന് ഉറപ്പാണ്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്‍, സംസ്ഥാന കമ്മിറ്റിയംഗം എ.പ്രദീപ് കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് എം.ഗിരീഷ് എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് 11 മണിയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഇന്ന് ഉച്ചയോടെ പുതിയ ജില്ലാ സെക്രട്ടറിയും പഴയ ജില്ലാ സെക്രട്ടറിയും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തും.
സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത് കെ.കെ.ദിനേശനാണ്. എന്നാല്‍ ജില്ലാ സെക്രട്ടറിയായി യുവ നേതാവ് എന്ന പരിഗണനയാണെങ്കില്‍ എം.ഗിരീഷിനാണ് സാധ്യത. ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിള്‍ എന്ന നിലയിലാണ് എ.പ്രദീപ് കുമാറിനെ പരിഗണിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതാ പ്രതിനിധിയെന്ന തീരുമാനമായാല്‍ അവിടെ സാധ്യത നിലവിലെ ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.കെ.ലതികയ്ക്ക് തന്നെയായിരിക്കും.
439 പ്രതിനിധികളും ജില്ലാ സംസ്ഥാന കേന്ദ്ര കമ്മിറ്റി അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍, എ.വിജയരാഘവന്‍ എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പിണറായി വിജയന്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 50000 ആളുകള്‍ വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഭാഗമാകും.