കര്‍ണാടകയില്‍ വച്ചുണ്ടായ വാഹനാപകടം; മരണപ്പെട്ട വടകര കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് അരക്കോടിയിലധികം രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി
വടകര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് 55 ലക്ഷത്തിലധികം രൂപ നല്കാന് കോടതി വിധി. തളിയില്‍ നൊച്ചോളി വീട്ടില്‍ മുഹമ്മദ് ഷനൂദ് എന്നയാളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്. വടകര വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ കോടതി ജഡ്ജി ജി.പ്രദീപ് ആണ് വിധി പറഞ്ഞത്.
2020 നവംബര്‍ 18ന് കര്‍ണാടകയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം മാണ്ഡ്യയിലെ മഡ്ഡൂര്‍ താലൂക്കില്‍ വച്ച് കാറില്‍ സഞ്ചരിക്കവേ കാര്‍ ലോറിക്ക് പിന്നിലിടികക്കുയായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലും നാട്ടിലുമായി രണ്ട് വര്‍ഷത്തോളം ഷനൂദ് ചികിത്സയിലായിരുന്നു.
55,36,935 (അമ്പത്തിയഞ്ച് ലക്ഷത്തി മുപ്പത്തിയാറായിരത്തി തൊള്ളായിരത്തി മുപ്പത്തിയഞ്ച്) രൂപയും 2021 ജൂണ്‍ 24 മുതലുള്ള 8% പലിശയും കോടതി ചിലവും സഹിതം കാര്‍ ഇന്‍ഷൂര്‍ ചെയ്ത ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. വി.കെ അബ്ദുള്‍ ലത്തീഫ്, പി.പി ലിനീഷ് എന്നിവര്‍ ഹാജരായി.
Description: Court verdict to pay more than Rs 55 lakh to family of Kayakodi native who died in car accident