തെളിവുകളില്ലെന്ന് കോടതി; സിദ്ദിഖ് പള്ളി ഖബര്‍സ്ഥാനിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ നന്തി ദാറുസ്സലാം കമ്മിറ്റി നല്‍കിയ ഹരജി തള്ളി


കൊയിലാണ്ടി: സിദ്ദിഖ് പള്ളിയുടെ ഖബര്‍സ്ഥാന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തടഞ്ഞ നാട്ടുകാര്‍ക്കെതിരെ നന്തി ദാറുസ്സലാം കമ്മിറ്റി നല്‍കിയ ഹരജി കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ തള്ളി. ഹരജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് പറഞ്ഞാണ് കോടതി നടപടി. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകനായ അജ്മല്‍ മര്‍ഹബ ഹാജരായി.

അതേസമയം, വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയെന്നാരോപിച്ച് നന്ദി ദാറുസ്സലാം കമ്മിറ്റിയ്‌ക്കെതിരെ ഖബര്‍സ്ഥാന്‍ സംരക്ഷണ സമിതി നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്.

കൊയിലാണ്ടി സിദ്ദിഖ് പള്ളിയുടെ ഖബര്‍സ്ഥാനില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ നന്തി ദാറുസ്സലാം കമ്മിറ്റിയുടെ നടപടി വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.

കഴിഞ്ഞ നവംബറില്‍ ഇവിടെ സ്വകാര്യ ഹോട്ടലിന്റെ നിര്‍മ്മാണ പ്രവൃത്തി വിശ്വാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. സ്ത്രീകളടക്കം വരുന്ന അമ്പതോളം പേരാണ് ഖബര്‍സ്ഥാനില്‍ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നത് തടഞ്ഞത്. ഇതിനുപിന്നാലെയായിരുന്നു ഇവര്‍ക്കെതിരെ നന്തി ദാറുസ്സലാം കമ്മിറ്റി കോടതിയെ സമീപിച്ചത്.

വഖഫ് വസ്തു ദൈവത്തില്‍ സമര്‍പ്പിക്കപ്പെട്ട വസ്തുവാണെന്നും അത് അന്യാധീനപ്പെടുത്തുവാനോ കൈവശം വെക്കാനോ ഒരാള്‍ക്കും അര്‍ഹതയില്ലെന്നും ഇത്തരം പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും ഖബറിസ്ഥാന്‍ സംരക്ഷണ സമിതി അറിയിച്ചു.