കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ഏറെ നേരം നിന്ന വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു; വനിതാ എ.എസ്.ഐ പൊതുമധ്യത്തില്‍ മാപ്പു പറഞ്ഞ സംഭവം വിവാദത്തില്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യം ചെയ്ത എ.എസ്.ഐ ജമീല പൊതുമധ്യത്തില്‍ മാപ്പ് പറഞ്ഞ സംഭവം വിവാദത്തില്‍. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലഹരിമാഫിയുടെ അഴിഞ്ഞാട്ടം വ്യാപകമായതിനാല്‍ പോലീസ് സാന്നിധ്യം കര്‍ശനമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പിങ്ക് പോലീസും ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിരീക്ഷണത്തിലായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് സ്റ്റാന്‍ഡിന്റെ ഒന്നാം നിലയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവാക്കളോട് അവിടെ നിന്നു പോകാന്‍ വനിതാ എ.എസ്.ഐ. ജമീലയും സംഘവും ആവശ്യപ്പെട്ടു. നിന്നാല്‍ എന്തുചെയ്യുമെന്നു പറഞ്ഞ് ഈ യുവാക്കള്‍ എ.എസ്.ഐ. ജമീലയോട് കയര്‍ക്കുകയും നില്‍ക്കാന്‍ പറ്റില്ലെന്ന് പോലീസ് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ തീര്‍ത്തുപറഞ്ഞതോടെ യുവാക്കള്‍ പിന്മാറി.

Advertisement

എന്നാല്‍ യൂണിഫോം ധരിച്ച കുട്ടി ഉള്‍പ്പെടെയുള്ള സംഘം വീണ്ടും ആറ് മണിയായിട്ടും ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് കണ്ടതോടെ ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് എ.എസ്.ഐ ജമീല പറയുന്നു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ മറ്റൊരാളെയും കൂട്ടിവന്ന് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. വനിതാ എ.എസ്.ഐ. തങ്ങളെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു യുവാക്കളുടെ ബഹളം. തുടര്‍ന്നാണ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞത്. യുവാക്കളോട് ക്ഷമചോദിച്ചശേഷം ഇനിയാരോടെങ്കിലും മാപ്പുപറയേണ്ടതുണ്ടോയെന്ന് അവര്‍ ചോദിക്കുന്നതും പ്രചരിക്കുന്ന ദൃശ്യത്തില്‍ കാണാം.

തന്നോട് ആരും മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പോലീസിനെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരിക്കുമെന്ന് കരുതി വീണ്ടും ഒരു പ്രശ്നം ഉണ്ടാവേണ്ട എന്ന കരുതിയാണ് മാപ്പ് പറഞ്ഞതെന്നും ജമീല പറഞ്ഞു. യൂണിഫോം ധരിച്ച കുട്ടിയോടാണ് താന്‍ പോകുവാന്‍ വേണ്ടി ആവശ്യപ്പെട്ടതെന്നും കുട്ടികളോട് താന്‍ മോശമായി ഒരുവാക്കുപോലും സംസാരിച്ചിട്ടില്ലെന്നും തന്നോട് കയര്‍ത്ത് സംസാരിച്ച വ്യക്തി ആരാണെന്ന് അറിയില്ലെന്നും എ.എസ്.ഐ പറഞ്ഞു.

Advertisement

യുവാക്കളുടെ ഭാവിയോര്‍ത്തും ഇവരോട് ക്ഷമാപണം നടത്തുകയായിരുന്നെന്ന് എ.എസ്.ഐ. ജമീല പറഞ്ഞു. കേസില്‍ കുടുക്കേണ്ടെന്നു കരുതിയാണ് കയര്‍ത്ത് സംസാരിച്ചതിനും ഡ്യൂട്ടിക്ക് തടസ്സം നിന്നതിനും പരാതിനല്‍കാതിരുന്നതെന്നും താനും ഒരു അമ്മയാണെന്നും കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും വൈകി എത്തുന്നതില്‍ ആകുലപ്പെടുന്ന രക്ഷിതാക്കളെ ഓര്‍ത്താണ് വിദ്യാര്‍ത്ഥികളോട് കയര്‍ത്ത് സംസാരിക്കാതിരുന്നതെന്നും എ.എസ്.ഐ പറഞ്ഞു. വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സ്റ്റാന്‍ഡില്‍ ലഹരിവില്‍പ്പന മാഫിയക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

Advertisement

അതേസമയം, സ്റ്റാന്റില്‍ താഴത്തെ നിലയില്‍ വെച്ച് കുട്ടികളെ മറ്റ് ആളുകളുടെ മുന്നില്‍വെച്ച് ചോദ്യം ചെയ്‌തെന്നും വിദ്യാര്‍ഥികളെ മറ്റുള്ളവരുടെ ഇടയില്‍ അപമാനിക്കുംവിധമുള്ള പൊലീസ് ഇടപെടല്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് വീഡിയോയില്‍ എ.എസ്.ഐയോട് പ്രകോപിതനായി സംസാരിക്കുന്ന തരത്തില്‍ കാണുന്ന യുവാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. പൊലീസുകാരിയോട് ഇങ്ങനെ പെരുമാറിയത് എന്തുകൊണ്ടാണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്, മാപ്പു പറയാനൊന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. കാര്യം ചോദിച്ചപ്പോള്‍ അവര്‍ ക്ഷമാപണം നടത്തുകയാണ്. ഈ വിഷയത്തില്‍ കൂടുതല്‍ വിവാദത്തിന് ഇല്ലെന്നും യുവാവ് വ്യക്തമാക്കി.

Summary: Controversy over woman ASI’s public apology in koyilandy