കായികതാരങ്ങള്‍ അങ്കലാപ്പില്‍; ത്രികോണപ്പോരില്‍ കുടുങ്ങി കൊയിലാണ്ടി മൈതാനം
കൊയിലാണ്ടി: റവന്യൂ വകുപ്പിന് കീഴിലുള്ള കൊയിലാണ്ടിയിലെ മൈതാനത്തിന്റെ അവകാശത്തര്‍ക്കം കായിക താരങ്ങളെ അങ്കലാപ്പിലാക്കുന്നു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ, മുനിസിപ്പാലിറ്റി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരാണ് മൈതാനം സ്വന്തമാക്കാന്‍ പിടിവലി നടത്തുന്നത്. വിഷയം പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ പറഞ്ഞിട്ട് മാസങ്ങളായെങ്കിലും എങ്ങുമെത്തിയില്ല.
1998 ഡിസംബര്‍ 17 നാണ് 3.46 ഏക്കര്‍ വിസ്തൃതിയുള്ള ഹൈസ്‌കൂള്‍ മൈതാനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 25 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. 2023 ഡിസംബര്‍ 17ന് കരാര്‍ കാലാവധി അവസാനിച്ചതോടെ മുനിസിപ്പാലിറ്റി അവകാശ വാദവുമായി രംഗത്തെത്തി. മുനിസിപ്പാലിറ്റി കൗണ്‍സില്‍ സ്റ്റേഡിയത്തിനായി പ്രമേയം പാസാക്കി സര്‍ക്കാരിലേക്ക് അയയ്ക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ യ്ക്ക് സ്റ്റേഡിയം വീട്ടുകിട്ടണമെ ന്നാവശ്യവും ഉയര്‍ന്നു.
ഇതൊന്നും ഗൗനിക്കാതെ കാലാവധി നീട്ടി കിട്ടാനുള്ള നടപടികളുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സര്‍ക്കാരിനെ സമീപിച്ചു. അതോടെ സ്‌കൂള്‍ പി.ടി.എ ഹൈക്കോടതില്‍ കേസ് ഫയല്‍ ചെയ്തു. മൂന്ന് കൂട്ടരുടേയും വാദം കേട്ട കോടതി സര്‍ക്കാരിനോട് ഉചിതമായ തീരുമാനമെടുക്കാന്‍ ആ വശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നീട്ടി കൊണ്ടുപോവുകയാണ്. സര്‍ക്കാര്‍ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ താത്പര്യത്തിന് വിരുദ്ധമായി നടപടിയെടുത്താല്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നാണ് കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്.
രാത്രിയും പകലുമെന്നില്ലാതെ ലഹരി വിപനണക്കാര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഒരു യുവാവ് മയക്ക്മരുന്ന് കുത്തിവെച്ച് മൈതാനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അവകാശ തര്‍ക്കത്തിനിടയില്‍ മൈതാനം അനാഥമാകുകയും കായികതാരങ്ങള്‍ക്ക് പരിശീലനത്തിന് മതിയായ സൗകര്യം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ അടിയന്തിരമായി തീരുമാനം കൈക്കൊള്ളണമെന്നാണ് നാട്ടുകാരും കായിക താരങ്ങളും ആവശ്യപ്പെടുന്നത്.