”ധര്‍ണ്ണ തുടക്കംമാത്രം, പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ശക്തമായ സമരപരിപാടി” കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ നാളെ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി കോണ്‍ഗ്രസ്. ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് ധര്‍ണ്ണ നടക്കുക. ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യും.

ദിവസം രണ്ടായിരത്തിലേറെ രോഗികള്‍ ഒ.പിയിലെത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ആകെ താളം തെറ്റിയ നിലയിലാണെന്ന് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ദിവസം 30 രോഗികളെ മാത്രമേ പല ഒ.പികളിലും പരിശോധിക്കുന്നുള്ളൂ. നേരത്തെ രണ്ടുമണിവരെയൊക്കെ പ്രവര്‍ത്തിച്ചിരുന്ന ഒ.പികള്‍ ഇപ്പോള്‍ കൃത്യം ഒരുമണിക്ക് അവസാനിപ്പിക്കുന്ന നിലയിലാണെന്നും കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഡോക്ടര്‍മാരുടെ കുറവ് സ്‌പെഷ്യലിസ്റ്റ് ഒ.പികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുകയാണ്. ചില സ്‌പെഷ്യലിസ്റ്റ് ഒ.പികളില്‍ മാസങ്ങളായി പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ട്. ലക്ഷ്യപദ്ധതി പ്രകാരം കോടികള്‍ മുടക്കി സൗകര്യങ്ങളൊരുക്കിയെങ്കിലും വേണ്ടത്ര ഗൈനക്കോളജിസ്റ്റുകളോ അനസ്‌തേഷ്യ ഡോക്ടറോ ഇല്ലാത്തതിനാല്‍ ഇത് ഉപകാരപ്രദമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്ലഡ് ബാങ്ക് ഇല്ല. മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യമില്ല. ഫ്രീസര്‍ സ്വകാര്യ വ്യക്തികള്‍ സംഭാവന ചെയ്യാന്‍ തയ്യാറായി വരുമ്പോഴും സൗകര്യമേര്‍പ്പെടുത്താന്‍ മോര്‍ച്ചറി കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലാത്ത സ്ഥിതിയാണ്. ആശുപത്രിയില്‍ രോഗികളുമായെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. പലരും ദേശീയപാതയ്ക്ക് അരികില്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.