കെ.സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ്; പ്രതിഷേധിച്ചവരെ ഒരു സംഘം കയ്യേറ്റം ചെയ്തതായി പരാതി


കൊയിലാണ്ടി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഉപരോധനത്തിനിടയില്‍ ഒരു സംഘം കയ്യേറ്റ ശ്രമം നടത്തുകയും കെ.പി.സി.സി അംഗം രത്‌നവല്ലി ടീച്ചറെ മര്‍ദ്ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.

വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനിടയിലേക്ക് കടന്നുവന്ന ഒരു സംഘം കയ്യേറ്റം ചെയ്യുകയും ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച രത്‌നവല്ലി ടീച്ചറെ പിടിച്ച് തള്ളുകയുമായിരുന്നെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇത് വാക്കേറ്റത്തിനും ചെറിയ തോതില്‍ സംഘര്‍ഷത്തിനും വഴിവെച്ചു. കയ്യേറ്റം ചെയ്തവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഇവര്‍ക്കെതിരെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

ഉപരോധ സമരത്തില്‍ രത്‌നവല്ലി ടീച്ചര്‍, വി.ടി.സുരേന്ദ്രന്‍, ടി.പി.കൃഷ്ണന്‍, രജീഷ് വെങ്ങളത്ത് കണ്ടി, അഡ്വ.പി.ടി. ഉമേന്ദ്രന്‍, അരുണ്‍ മണമല്‍, മനോജ് പയറ്റ് വളപ്പില്‍, ജെറില്‍ ബോസ്, റാഷിദ് മുത്താമ്പി, അന്‍സാര്‍ കൊല്ലം, സുനില്‍ വിയ്യൂര്‍, ശൈലേഷ് പെരുവട്ടൂര്‍, നിതിന്‍ നടേരി, സുരേഷ് ബാബു മണമല്‍, കരുണന്‍ കാവും വട്ടം, കെ.ഉണ്ണികൃഷ്ണന്‍, സന്തോഷ് പെരുവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.