കുടിവെള്ളമില്ല, ഉച്ചയ്ക്ക് ശേഷം ഡോക്ടറുമില്ല; കീഴരിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ


കൊയിലാണ്ടി: കീഴരിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധം. അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലാണ് പ്രതിഷേധം നടതത്തിയത്.

നിത്യേനേ മുന്നൂറോളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ വെള്ളമെത്തിക്കാന്‍ ഒരു നടപടിയും ഇന്നേവരെ പഞ്ചായത്ത് അധികൃതര്‍ കൈക്കൊണ്ടിട്ടില്ലെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍ പറഞ്ഞു. വൈറല്‍ പനി പടരുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷവും ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കറുമയില്‍ ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.ഷാജി, ബി.ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ കുറുമയില്‍ ജലജ, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ.കെ.ദാസന്‍, ഇടത്തില്‍ രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ ഒ.കെ.കുമാരന്‍, കൊളപ്പേരി വിശ്വന്‍, കെ.എം.നാരായണന്‍, നെല്ല്യാടി ശിവാനന്ദന്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.വിജയന്‍, പി.എം. സദാനന്ദന്‍, കെ.പി.മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.