പദ്ധതി വിഹിതവും മെയിന്റനന്‍സ് ഗ്രാന്റും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം; നാളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ, ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരിയില്‍



കോഴിക്കോട്: രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടന ഫിബ്രവരി 14 ബുധനാഴ്ച സംസ്ഥാന വ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ കെ.പ്രവീണ്‍ കുമാറും ജില്ലാ ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥനും അറിയിച്ചു.

പദ്ധതി വര്‍ഷം അവസാനിക്കുവാന്‍ 45 ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു നല്‍കുവാനോ മെയിന്റനന്‍സ് ഗ്രാന്റ് അനുവദിക്കാനോ തയ്യാറാവാത്ത കേരള സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. നവകേരള സദസ്സിന്റെ പേരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകളില്‍ നിന്നും വന്‍ തുകകള്‍ കൈപ്പറ്റിയ സര്‍ക്കാര്‍ പഞ്ചായത്ത് ദിനാഘോഷത്തിന്റെ മറവില്‍ വീണ്ടും വന്‍ തുക വാങ്ങി ധൂര്‍ത്ത് നടത്തുകയാണ്.

വികസന പ്രതിസന്ധി സൃഷ്ടിച്ച കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ആപ്പീസിന് മുന്നില്‍ അഡ്വ.കെ പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിക്കും.